ആലക്കോട് ബസ് സ്റ്റാൻഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി.
ആലക്കോട്: പ്രവർത്തനമാരംഭിച്ച് കാൽ നൂറ്റാണ്ടിയിട്ടും സ്വന്തം കെട്ടിടത്തിലേക്കോ സൗകര്യപ്രദമായ സംവിധാനമോ ഇല്ലാതെ ആലക്കോട് സബ് ട്രഷറി വാടകകെട്ടിടത്തിന്റെ മുകൾ നിലയിൽ തന്നെ തുടരുന്നു. ആലക്കോട് ബസ് സ്റ്റാൻഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾ നിലയാണ് കാൽ നൂറ്റാണ്ടായ സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഓഫീസിനകത്ത് ജീവനക്കാർക്ക് തന്നെ സൗകര്യപ്രദമായി ഇരുന്ന ജോലി ചെയ്യാനുള്ള അവസ്ഥയില്ല. ശാരീരക അവശതയുള്ളവർക്കും പെൻഷൻകാരുമടക്കമുള്ളവർക്ക് പരസഹായമില്ലാതെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രഷറിയിലേക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. മലയോരത്തെ നാലു പഞ്ചായത്തുകളിലെ പൊതുജനങ്ങളും ഈ സബ്ട്രഷറിയെയായണ് ആശ്രയിക്കുന്നത്.
2005 ൽ ഉദ്ഘാടനം ചെയ്തത് മുതൽ ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, നടുവിൽ എന്നീ പ ഞ്ചായത്തുകളിലെ എല്ലാ സർക്കാർ ജീവനക്കാരും, ജനങ്ങളും എല്ലാവിധ ആവശ്യങ്ങൾക്കും ഇവിടെ വരണം. പത്ത് ജീവനക്കാർ തിങ്ങിനിറഞ്ഞാണ് ഇവിടെ ജോലി ചെയ്യുന്നത്. ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലസൗകര്യവും കുറവാണ്.
ഇടപാടുകാർക്ക് ഇരിക്കുന്നതിനുള്ള സൗകര്യവും പരിമിതമാണ്. റാമ്പില്ലാത്തതിനാൽ അംഗപരിമിതർക്കും വീൽചെയറിനെ ആശ്രയിക്കുന്നവർക്കും ട്രഷറിയിൽ എത്താൻ സാധിക്കുന്നില്ല അതിനാൽ ജീവനക്കാർ താഴെ റോഡിലേക്ക്ഇറങ്ങിവന്നാണ് മസ്റ്ററിംഗ് നടത്തുന്നത്. പെൻഷൻകാരുടെ സംഘടനകൾ നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു എന്നിട്ടും സ്വന്തമായി കെട്ടിടം നിർമക്കുന്നതിനുള്ള ശ്രമങ്ങൾ എവിടെയും എത്തിയിട്ടില്ല.
ആലക്കോട് പഞ്ചായത്തിന്റെ ഉടമ സ്ഥതയിൽ അരങ്ങത്ത് പൊലിസ് സ്റ്റേഷനു സമീപമുള്ള ഭൂമിയിൽ നിന്ന് 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനിൽക്കാൻ 2009 ൽ ആലക്കോട് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ നടപടി ഇല്ലാത്തതിനെ തുടർന്ന് 2020 ഗ്രാമപഞ്ചായത്ത് പുതിയ തീരുമാനം കൈക്കൊണ്ടു. ആലക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റീസർവേ 51 /1 പെട്ട 10 സെന്റ് ഭൂമി കൈമാറുന്നതിനുള്ള ഗവ. അനുമതിക്കായുള്ള ശിപാർശ പഞ്ചായത്ത് പഞ്ചായത്ത് ഡയറക്ടർക്ക് അയച്ചിരുന്നു. ഇതിൻമേലും നാളിതുവരെയായി നടപടിയും ഉണ്ടായിട്ടില്ല.
ഭൂമി വിട്ടുകിട്ടുന്ന മുറക്ക് മാത്രമേ ട്രഷറി വകുപ്പിന് കെട്ടിട നിർമണത്തിനുള്ള മറ്റ് നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. അതിനിടെ നൂറുകണക്കിന് പൊതു സ്ഥാപനങ്ങളും പെൻഷൻകാരും ഇടപാടുകൾ നടത്തുന്ന ആലക്കോട് സബ് ട്രഷറി ഇവിടെ നിന്ന് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. സബ് ട്രഷറി ഇവിടെ തന്നെ നിലനിർത്താൻ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പും താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Tags : NattuVishesham DistrictNews