ചീങ്കണ്ണി പുഴക്ക് മറുകരയിൽ ജോസഫും തോമാസും താമസിക്കുന്ന മൺകട്ടകൊണ്ട് ഉണ്ടാക്കിയ വീടും മുളകൊണ്ട് ഉണ്ടാക്കിയ തൂക്കുപാലവും.
കേളകം: ഒരു നാടിന്റെ വികസനത്തിനും വനസംരക്ഷണത്തിനുമായി നടന്ന കുടിയിറക്കലിന്റെ ബാക്കിപത്രമായി ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ഇന്നും ഒറ്റപ്പെട്ട് കഴിയുകയാണ് രണ്ട് സഹോദരങ്ങൾ. ആറളം വനാതിർത്തിയിലെ മുട്ടുമാറ്റിയിൽ 1987 ഒക്ടോബർ 14ന് നടന്ന കുടിയിറക്കലിന് 39 വർഷം പിന്നിടുമ്പോഴും ജോസഫിന്റെയും തോമസിന്റെയും ജീവിതത്തിന് ഇനിയും കരകാണാനായിട്ടില്ല. ഓണക്കാലത്ത് നാടെങ്ങും ആഘോഷത്തിമിർപ്പിലാകുമ്പോഴും ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ഇവർക്ക് ആഘോഷങ്ങളില്ല. വൈദ്യുതിയും റോഡും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൂന്ന് മൺകട്ടപ്പുരകളിലൊന്നിലാണ് സഹോദരങ്ങൾ കഴിയുന്നത്. പുറംലോകവുമായുള്ള ബന്ധവും പരിമിതമാണ്.
മറുകരയെത്താൻ മുളപ്പാലം മാത്രം
കരിങ്കൽ മതിലിനരികിലൂടെ മുളയേണിയിറങ്ങി പുഴയോരത്തെത്തണം. അവിടെ മരത്തിൽ ചാരിവച്ച മറ്റൊരു മുളയേണി കയറിയാൽ കമ്പികൾ വലിച്ചുകെട്ടിയ തൂക്കുപാലം. ഒരാൾക്ക് മാത്രം കടന്നുപോകാനാകുന്ന പാലത്തിൽ മുളച്ചില്ലകളാണ് ചവിട്ടുപടികൾ. പാലം അവസാനിക്കുന്നിടത്ത് വീണ്ടും മുളയേണിയിറങ്ങിയാൽ മുന്നിൽ മൂന്ന് മൺകട്ടപ്പുരകൾ. അതിലാണ് ജോസഫും തോമസും കഴിയുന്നത്. ഇത് അഞ്ചാമത്തെ തൂക്കുപാലമാണ്. മലവെള്ളപ്പാച്ചിലിലും കാലപ്പഴക്കത്തിലും മുന്പുണ്ടായിരുന്ന പാലങ്ങൾ തകർന്നു. ഓരോ തവണയും മറുകരയെത്താൻ പുതിയ പാലം പണിയേണ്ടിവന്നു. നാലു സഹോദരങ്ങളുണ്ടായിരുന്ന കുടുംബത്തിലെ മൂത്ത സഹോദരൻ മത്തായിയെ 2000ൽ ചീങ്കണ്ണിപ്പുഴയിലെ മലവെള്ളം കവർന്നു. അതിനു ശേഷമാണ് പുഴ കടക്കുന്നതിനായി തൂക്കുപാലം നിർമിക്കാൻ തുടങ്ങിയത്. മറ്റ് സഹോദരങ്ങൾ പുറംനാടുകളിലേക്ക് പോവുകയും ചെയ്തതോടെ. ജോസഫും തോമസും മാത്രം ജനിച്ചുവളർന്ന മണ്ണിൽ തുടരുകയാണ്.
പത്ത് ഏക്കറിൽനിന്ന് ഒറ്റപ്പെടലിലേക്ക്
കുടിയേറ്റകാലത്ത് അടക്കാത്തോട് മുട്ടുമാറ്റിയിലെ പുഴയോരത്ത് പത്ത് ഏക്കർ ഭൂമിയിൽ വീടും കൃഷിയുമായി ജീവിതം തുടങ്ങിയ കുടുംബമായിരുന്നു ഇവരുടേത്. പിന്നീട് പ്രദേശം വന്യജീവി സങ്കേതത്തിന്റെ ഭാഗമായതോടെ സ്ഥിതിഗതികൾ മാറി. സമീപത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവാസ മേഖലയിലേക്ക് മാറ്റി. കാട്ടാനകളെ തടയാൻ പുഴയോരത്ത് കരിങ്കൽ മതിലും ഉയർന്നു. ഒടുവിൽ മൈലാടിയിലെ ഇവരുടെ വീട് കാടിനും വന്യജീവി മേഖലയ്ക്കുമിടയിൽ ഒറ്റപ്പെട്ടു. ഭൂമിയിൽ തുടരണമോ മറ്റൊരിടത്തേക്ക് മാറണമോ എന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി വർഷങ്ങളോളം തർക്കങ്ങളും നിയമനടപടികളും ഉണ്ടായതായി ഇവർ പറയുന്നു.
“നാട്ടിലേക്ക് മാറിത്താമസിക്കാൻ തയാറാണ്. ഒരു ചെറിയ വീടും കൃഷി ചെയ്യാൻ കുറച്ച ഭൂമിയും തരാമോ? അതല്ലെങ്കിൽ ജനിച്ചുവളർന്ന ഭൂമിയുടെ അവകാശം ഞങ്ങൾക്ക് തരാൻ കഴിയുമെങ്കിൽ അതുമാത്രം മതി” ജോസഫിന്റെ വാക്കുകളിൽ 39 വർഷത്തെ കാത്തിരിപ്പിന്റെ വേദനയുണ്ട്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ജീവിതവും സർക്കാർ പരിഗണിക്കണമെന്നാണ് ആവശ്യം.
കൃഷിക്ക് കാട്ടാനകളുടെ വിലക്ക്
ഒരുകാലത്ത് സിസർളപ്പുല്ല് നട്ട് വളർത്തി വാറ്റി തൈലമാക്കി വിറ്റായിരുന്നു കുടുംബത്തിന്റെ ഉപജീവനം. പിന്നീട് അതും നിലച്ചു. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ഇടയ്ക്കിടെ എത്തുന്നതിനാൽ കൃഷിയിറക്കാനും കഴിയുന്നില്ല. പുറംലോകത്തിന്റെ ശബ്ദമായി വീട്ടിൽ അവശേഷിക്കുന്നത് ഒരു റേഡിയോ മാത്രമാണ്. അടക്കാത്തോട്ടിലെ റേഷൻകടയാണ് ഇവരുടെ പുറംലോകവുമായുള്ള പ്രധാന ബന്ധം.
പരിഹാരം വേണം
1987ലെ കുടിയിറക്കലിന്റെ ബാക്കിപത്രമായി രണ്ട് മനുഷ്യർ ഇന്നും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും സാമൂഹിക പ്രവർത്തകരുടെയും ആവശ്യം. ജോസഫിനും തോമസിനും സുരക്ഷിതമായ പുനരധിവാസം ഒരുക്കുക, ചെറിയ വീട് അനുവദിക്കുക, കൃഷിക്ക് അനുയോജ്യമായ ഭൂമി ലഭ്യമാക്കുക, അല്ലെങ്കിൽ നിയമപരമായി സാധ്യമെങ്കിൽ പാരമ്പര്യ ഭൂമിയുടെ അവകാശം സംബന്ധിച്ച് അടിയന്തര തീരുമാനം എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയരുന്നത്.
Tags : NattuVishesham DistrictNews