രാമങ്കരി: നൂറു കണക്കിന് വരുന്ന പാടശേഖരങ്ങളിലെയും കായൽ നിലങ്ങളിലെയും പന്പിംഗ് ശക്തിപ്പെട്ടതിനെ തുടർന്ന് കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലേക്ക് നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും എത്തിയിരുന്ന വെള്ളം ഒന്നിനും തികയാതെ ജനം നെട്ടോട്ടത്തിൽ. കുടിവെള്ളക്ഷാമം രൂക്ഷം. രാമങ്കരി, വെളിയനാട്, മുട്ടാർ എന്നീ പഞ്ചായത്തുകൾക്ക് പുറമേ കായൽ മേഖലയോടു ചേർന്നു കിടക്കുന്ന പുളിങ്കുന്ന്, കാവാലം തുടങ്ങിയ പഞ്ചായത്തുകളിലുമാണ് പ്രശ്നം രൂക്ഷമായത്.
രാത്രിയെന്നോ പകലെന്നോയില്ലാതെ തുടർച്ചയായി നടത്തുന്ന പന്പിംഗ് മൂലം നാട്ടുതോടുകളും മറ്റു പൊതുജലാശയങ്ങളും ഒരേപോലെ മലിനപ്പെടുന്ന സ്ഥിതിയിലാണ്. അതിനാൽ കുളി, അലക്ക്, പാത്രം വൃത്തിയാക്കൽ തുടങ്ങിയ അത്യാവശ്യങ്ങൾക്കുപോലും പൈപ്പുവെള്ളം ഉപയോഗിക്കാൻ ആളുകൾ നിർബന്ധിതരായി മാറിയതാണ് പെട്ടെന്ന് കുടിവെള്ളക്ഷാമം ഇരട്ടിയാകാൻ കാരണമായത്.
ആഴ്ചയിൽ രണ്ടു ദിവസം വീതമാണ് നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലന്റിൽ നിന്നുള്ള വെള്ളം മിക്ക വീടുകളിലും എത്തിയിരുന്നത്. ഇത് ശേഖരിച്ചു വച്ചാണ് ഇവർ മറ്റുള്ള ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്. എന്നാൽ വെള്ളത്തിന്റെ ആവശ്യം വർദ്ധിച്ചതോടെ ഇപ്പോൾ പൈപ്പിൽ വെള്ളമെത്തിയാൽ അത് ഉടനെ തന്നെ തീരുന്ന സ്ഥിതിയാണ്.
നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാതെ വേലിയേറ്റ സമയത്തും, പുലർച്ചെയും അതേപോലെ തന്നെ സന്ധ്യാസമയത്തുമുള്ള പന്പിംഗ് ഒഴിവാക്കി ഇതിനൊരു സമയക്രമം നിശ്ചയിക്കുവാൻ പഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്നു തയാറായാൽ ഒരു പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതു മാത്രമല്ല ശുദ്ധജലക്ഷാമത്തെ തുടർന്ന് ഉടലെടുക്കുവാൻ സാധ്യതയുള്ള വയറ്റിളക്കം, ഛർദ്ദി പോലുള്ള പകർച്ചവ്യാധികൾ ഒഴിവാക്കുവാനും സാധിക്കുമെന്നും ഇവർ പറയുന്നു.
കൃഷിയുടെ ആരംഭത്തിൽ കുട്ടനാട്ടിലുണ്ടാകുന്ന ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പ്രാദേശിക വികസന ആസൂത്രണ പദ്ധതിയിൽപ്പെടുത്തി എല്ലാ കുടുംബങ്ങൾക്കും വലിയ ശുദ്ധജല സംഭരണികൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags : NattuVishesham DistrictNews