ഉപ്പുതറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മൂന്നു മാസമായി കൂലി കിട്ടുന്നില്ല. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് ഇതിന് കാരണം.ഒക്ടോബർ പകുതിയിലാണ് അവസാനമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ കൂലി കിട്ടിയത്. പിന്നീടുള്ള 30 പണിയുടെ കൂലിയാണ് തൊഴിലാളികൾക്ക് കിട്ടാനുള്ളത്.
മേറ്റ് മാർക്ക് 50 ദിവസത്തെ അലവൻസും കിട്ടാനുണ്ട്. എല്ലാ പഞ്ചായത്തുകളും തൊഴിലാളികൾ ചെയ്ത പണികളുടെ രേഖകൾ കൃത്യസമത്ത് ജില്ലയുടെ ചുമതലയുള്ള ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഖേന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്.
ഒരു വർഷം മുൻപുവരെ ഓരോ മസ്റ്ററോളിലും ഏഴുദിവസത്തിനകം തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടിൽ കിട്ടിയിരുന്നു. എന്നാൽ, മൂന്ന് മസ്റ്ററോളിന്റെ പണിയുടെ കൂലിയാണ് ഇപ്പോൾ ലഭിക്കാതിരിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് തൊഴിലുറപ്പ് പണിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്. കേന്ദ്ര ഫണ്ട് കിട്ടിയാലേ തൊഴിലാളികൾക്കും മേറ്റ് മാർക്കും കൂലി കിട്ടുകയുള്ളു. വൈകാതെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി ജില്ല ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സാജൻ സെബാസ്റ്റ്യൻ അറിയിച്ചു.
Tags : nattu vishesham Labor workers salaries