ലിറ്റില്‍ കൈറ്റ്സ് സ്റ്റുഡന്റ് മെന്റർമാര്‍ക്കായി സംഘടിപ്പിച്ച പരിശീലനം.
കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കല് ലക്ഷ്യമിട്ട് "സ്റ്റുഡന്റ് മെന്റർ' പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിച്ചു.
നിലവില്‍ ജില്ലയിലെ 162 സ്കൂള്‍ യൂണിറ്റുകളിലായി 18,976 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്സില്‍ അംഗങ്ങളാണ്. 360 അധ്യാപകര്‍ ജില്ലയില്‍ കൈറ്റ് മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പത്ത് കുട്ടികള്‍ക്ക് ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ജില്ലയിലെ 162 യൂണിറ്റുകളില്‍ നിന്നായി 631 "സ്റ്റുഡന്റ് മെന്റര്‍മാരെ' തെരഞ്ഞെടുത്തത്.
സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം കുട്ടികളില്‍ സഹാനുഭൂതിയും വിനിമയ പാടവവും വളര്‍ത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആദ്യ ശില്പശാലയില് ഓണ്‍ലൈനായി സംവദിച്ച കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിലെ പ്രവര്‍ത്തന മികവ്, നേതൃപാടവം, സഹജീവികളോടുള്ള താല്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒമ്പതാം ക്ലാസിലെ അംഗങ്ങളില്‍ നിന്നാണ് സ്റ്റുഡന്റ് മെന്റര്‍മാരെ തെരഞ്ഞെടുത്തത്.
Tags : Local News Nattuvishesham Kozhikode