മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച താലൂക്ക് തല സഹകരണ അദാലത്തില്‍ നി
മൂവാറ്റുപുഴ: പ്രതികൂല സാഹചര്യങ്ങള്‍ മൂലം സഹകരണ സ്ഥാപനങ്ങളിലെ വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റ തവണയായുള്ള തിരിച്ചടവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി എം. ലിജു. മാത്യു കുഴല്നാടന് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച താലൂക്ക് തല സഹകരണ അദാലത്ത് ആശ്വാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളുടെ നിലനില്പ് പ്രദേശികമായ വികസനത്തിന് ആവശ്യമാണ്. നിരവധിയായ ആവശ്യങ്ങള്‍ക്ക് സാധാരണക്കാരായ ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണ്. താലൂക്കിലെ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാര്‍ക്ക് അവരുടെ കടബാധ്യതയില്‍ നിന്ന് ആശ്വാസം നല്കാൻ സർക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്കരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് പരമാവധി പലിശ ഇളവ് നല്കി വായ്പ അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.
സഹകരണ സംഘങ്ങളുടെ വര്‍ധിച്ചു വരുന്ന നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനും ആശ്വാസ് പദ്ധതി സഹായകരമാകും. നൂറോളം അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കിയതായി എംഎല്‍എ അറിയിച്ചു. എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വി.പി. പ്രീത, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ.എം. മിനി, ജോജി ജോസ്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അബ്രഹാം തൃക്കളത്തൂര്‍, സാബു ജോണ്‍, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, മുഹമ്മദ് പനക്കല്‍, ജോളി ജോര്‍ജ്, പി. രജിത, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews