പയ്യാവൂർ: സെൻസസിൽ ഏർപ്പെട്ടിരിക്കുന്ന എന്യുമറേറ്റർമാരായ അധ്യാപകർക്ക് ഫീൽഡിൽനിന്ന് ലഭിച്ച വിവരങ്ങൾ അവരെ വിളിച്ചുകൂട്ടി പ്രാദേശിക ഭരണകൂടം ചർച്ച ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ്. ഓരോ കുടുംബങ്ങളും നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ ആരും അറിയുന്നി ല്ലെന്നും പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പഞ്ചായത്ത് അധികാരികൾ ഫീൽഡ് വിസിറ്റ് ചെയ്ത് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ പ്രവർത്തനങ്ങളെല്ലാം വാട്സാപ്പിലൂടെയാണ്. ഒന്നും നേരിട്ട് കാണാനും മനസിലാക്കാനും ആരും തയാറാകാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. സമൂഹത്തിൽ ഒരുപാട് കുടുംബങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നു. അഭിമാനത്താൽ പലരും പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല എന്നും യോഗം ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധി, രോഗങ്ങൾ, പട്ടിണി, മാനസിക പ്രശ്നങ്ങൾ, വെള്ളം, വെളിച്ചം, റോഡ്, വാസയോഗ്യമല്ലാത്ത വീടുകൾ, മദ്യപാനം, ലഹരി ഉപയോഗം ഇതെല്ലാം സർവസാധാരണമായി മാറി. ഇതിനെതിരേ നടത്തുന്നതെല്ലാം തൊലിപ്പുറത്തുള്ള ചികിത്സകളാണെന്നും ഇനിയെങ്കിലും പ്രാദേശിക ഭരണകൂടം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം , ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News