പഞ്ചായത്ത് അധികൃതർക്കു മുന്നിൽ പരാതിയുമായി നാട്ടുകാർ
മംഗലംഡാം: നിറയെ വീടുകളും വിളകളുമുള്ള പൈതലയിലെ കരിങ്കൽക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്നാവശ്യവുമായി വീട്ടമ്മമാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സമരം ശക്തമാക്കി.
നാട്ടുകാരുടെ പരാതിയെതുടർന്ന് ഇന്നലെ വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴാണ് ക്വാറിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാർ കൂട്ടത്തോടെ എത്തുന്ന സ്ഥിതിയുണ്ടായത്.
വനംവകുപ്പിന്റേതുൾപ്പെടെ മതിയായ രേഖകളില്ലാതെയാണ് ക്വാറിയുടെ പ്രവർത്തനം തുടങ്ങിയിട്ടുള്ളതെന്നും നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കുന്നിൻചെരിവിലെ ക്വാറി അപകടകരമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇവിടേയും വയനാട് പോലെ ദുരന്തഭൂമിയാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നാട്ടുകാർ പഞ്ചായത്ത് അധികാരികളെ ബോധ്യപ്പെടുത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, മെംബർമാരായ ബെന്നി സ്കറിയ, അച്ചാമ്മ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ചെന്താമരാക്ഷൻ, അസിസ്റ്റന്റ് എൻജിനീയർ ഹരി തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ഉഗ്രസ്ഫോടനങ്ങളും പൊടിയും വലിയ ലോറികളുടെ പാച്ചിലുമായി പ്രദേശത്ത് സ്വൈര്യമായി താമസിക്കാൻ പറ്റാത്ത വിധമാണ് ക്വാറിയുടെ പ്രവർത്തനമെന്നു നാട്ടുകാർ പറഞ്ഞു.
രണ്ടാഴ്ചമുമ്പ് പഞ്ചായത്ത് ഓഫീസിനു മുന്നിലും നാട്ടുകാർ സമരം നടത്തിയിരുന്നു. പൈതലയിലെ ക്വാറിക്കു പുറമെ സമീപത്ത് ഓട്ടുപ്പാറ, ഒലിംകടവ് എന്നിവിടങ്ങളിലായി ഒരു വാർഡിൽ തന്നെ മൂന്ന് ക്വാറികളാണ് തുടങ്ങുന്നത്.
ഇതിൽ പൈതലയിലാണ് വൻതോതിലുള്ള പാറഖനനം തുടങ്ങിയിട്ടുള്ളത്. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട പഞ്ചായത്ത് അധികാരികൾ ക്വാറി മാഫിയകൾക്ക് അനുകൂലമായി നിലപാടെടുക്കരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കാമെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ടുള്ളതെന്ന് സമരസമിതി ഭാരവാഹിയായ ജിമ്മി മാത്യു പറഞ്ഞു.
ജിമ്മി മാത്യു,സണ്ണി വിരിയപ്പള്ളിൽ, ജോജ് കരോട്ട് കിഴക്കേൽ, ജോസഫ് പുല്ലാട്ട്, തോമസ് ചിറവയലിൽ,ജോളി ജിമ്മി,സാലിസണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.