പ്രതീകാത്മക ചിത്രം
തളിപ്പറമ്പ്: സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ച വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മൂന്നു പേർ കുറ്റക്കാരെന്ന് തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രശാന്ത് വിധിക്കും.
കാസർഗോഡ് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുര യിൽ വീട്ടിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ ബി. മുബാറക് (37), സഹോദരൻ ബി. അബ്ദുള്ള (44) എന്നിവരും ഇവരെ സഹായിച്ച പള്ളിവയലിലെ പി. ഇബ്രാഹിം എന്ന ഉമ്പായി (44) എന്നിയാളുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
2019 ജനുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. ഫസൽ മുഹമ്മദും ഭാര്യ ഷാഹിനയും സ്കൂട്ടറിൽ പയ്യാന്പലം ബീച്ചിൽ പോയി തിരിച്ചു വരുന്നതിനിടെ ധർമശാലയിൽ എത്തിയപ്പോൾ ചിലർ പിന്തുടർന്നിരുന്നു. ഇതേത്തുടർന്ന് തൃച്ചംബരത്തുനിന്ന് മന്ന വഴി പുഷ്പഗിരിയിലെത്തുകയും ഭാര്യയെ ഒമാൻ നഗർ പള്ളിയിൽ നിസ്കാരത്തിനയച്ചു. തുടർന്നു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫസൽ മുഹമ്മദിനെ വൈകുന്നേരം 6.30ഓടെ അബ്ദുള്ളയും മറ്റുള്ളവരും തടഞ്ഞു വച്ച് മർദിക്കുകയും മുബാറക് നിലത്തു വീണു കിടക്കുകയായിരുന്ന ഫസൽ മുഹമ്മദിന്റെ കൈയിലൂടെ ബൈക്ക് ഓടിച്ചു കയറ്റുകയും ചെയ്തു.
ഫസൽ മുഹമ്മദിനെ ബൈക്കിൽ പിടിച്ചു കയറ്റി പന്നിയൂർ വില്ലേജ് ഓഫീസിനു സമീപത്തെ റബർ തോട്ടത്തിലെ മെഷിൻ പുരയിലെത്തിച്ച് ഏഴുപേർ ചേർന്ന് ഇരുന്പ് വടി. മരവടി എന്നിവയുപയോഗിച്ച് മർദിക്കുകയുമായിരുന്നു. മർദനത്തിൽ കാൽമുട്ടിന്റെ ചിരട്ട തകരുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഫസൽ മുഹമ്മദിനെ പിന്നീട് ഓട്ടോറിക്ഷയിൽ എത്തിയ രണ്ടുപേർ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിയാരത്തെ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
വധിക്കാൻ ശ്രമിച്ചെന്നു കാണിച്ചായിരുന്നു കേസെങ്കിലും മണിക്കൂറുകളോളം പ്രതികളുടെ പക്കലുണ്ടായിരുന്ന പരാതിക്കാരനെ കൊല്ലണമെന്നായിരുന്നെങ്കിൽ അപ്പോൾ ചെയ്യാമെന്നിരിക്കെ അതുണ്ടായില്ലെന്നതിനാൽ വധശ്രമ കേസ് നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
അതേസമയം സദാചാര പോലീസ് ചമയാൻ ആർക്കും അവർ സഹോദരങ്ങളായാൽ പോലും അവകാശമില്ലെന്ന് ജഡ്ജി എടുത്തുപറഞ്ഞു. പ്രണയ വിവാഹത്തിനോ ഒരുമിച്ച് താമസിക്കുന്നതിനോ കുടുംബക്കാരുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ആദ്യം ഏഴുപേർക്കെതിരെയായിരുന്നു കേസെടുത്തതെങ്കിലും പിന്നീട് നാലുപേരെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കി. വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പു കൾ ചേർത്താണ് പൊലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.
Tags : NattuVishasham DistrictNews