കൊല്ലം: അക്ഷരമാണ് കാലത്തെ ചിരസ്മരണീയമാക്കുന്നതെന്ന് കവി പ്രഫ. വി. മധുസൂദനന്‍നായര്‍. ചാത്തന്നൂര്‍ പ്രസ് ക്ലബില്‍ ചാത്തന്നൂര്‍ മോഹന്‍ അനുസ്മരണ പ്രഭാഷണവും പുരസ്കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ജീവിക്കുന്ന കാലഘട്ടത്തെയും മുമ്പുള്ള കാലത്തെയും കടഞ്ഞെടുക്കുന്നവരാണ് നല്ല എഴുത്തുകാര്‍. ഓരോ അക്ഷരത്തിനുള്ളിലും വാക്കുകള്‍ക്കുള്ളിലും ജീവിതം ഇരമ്പുന്നുണ്ട്.
പുതിയ കാലഘട്ടത്തിലെ എഴുത്ത് വല്ലാതെ മാറിപ്പോയിട്ടുണ്ട്. ക്രാഷ് കൃതികള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഗോസ്റ്റ് എഴുത്തുകാരും വര്‍ധിച്ചു. ഇത്തരം പാഴ്ചെടികള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നല്ല ചില പച്ചപ്പുകളും ഉണ്ടാകുന്നന്നത് പ്രത്യാശ നല്കുന്നു. എഴുത്തില്‍ സമര്പ്പിതബുദ്ധി കാട്ടിയ കവിയായിരുന്നു ചാത്തന്നൂര്‍ മോഹനെന്ന് വി. മധുസൂദനന്‍നായര്‍ അനുസ്മരിച്ചു.
ഡോ. ആര്. ആതിര ചാത്തന്നൂര്‍ മോഹന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. "മീനേ മീന്‍ മണമേ' എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. കവി ചവറ കെ.എസ്. പിള്ള അധ്യക്ഷത വഹിച്ചു. ഡോ. കെ. പ്രസന്നരാജന്‍, എസ്. നാസര്‍, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, എസ്. സുധീശന്‍, ഡി. ജയകൃഷ്ണന്, ജയകുമാരി, പാര്‍വതി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam