അറസ്റ്റിലായ പ്രതി
കണ്ണൂർ: വധശ്രമക്കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ (51) ആണ് കണ്ണൂരിൽ പിടിയിലായത്.
1997 ജനുവരി മൂന്നിന് അഴീക്കോട് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപം അഴീക്കോട് സ്വദേശി സുനിൽകുമാറിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവത്തെത്തുടർന്ന് വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.
വർഷങ്ങളോളം ദുബായിയിൽ കഴിഞ്ഞ ഫസൽ പിന്നീട് പോളണ്ടിലും കഴിഞ്ഞ അഞ്ചു വർഷമായി അയർലൻഡിലും ജോലി ചെയ്തുവരികയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തു ടർന്ന് 2002 ൽ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തികിന്റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.അന്വേഷണത്തിൽ പ്രതിയും കുടുംബവും സംഭവം നടന്ന കാലയളവിൽ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് മാറിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെ പ്രതിയുടെ പുതിയ താമസസ്ഥലം കണ്ടെത്തുകയും വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തുവരികയാണെന്ന് മനസിലാക്കുകയും ചെയ്തു.
രഹസ്യാന്വേഷണത്തിനിടെ പ്രതി നാട്ടിലേക്ക് വരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം നിരീക്ഷണം ശക്തമാക്കി. തുടർന്ന് ആറിന് അയർലൻഡിൽനിന്ന് നാട്ടിലെത്തിയ ഫസലിനെ കണ്ണൂരിൽവച്ച് അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
കണ്ണൂർ എസിപി എം.പി. ആസാദ്, വളപട്ടണം സിഐ വിജേഷ്, എസ്ഐ വിപിൻ, സിറ്റി കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലിസ് ഓഫിസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags : NattuVishasham DistrictNews