നിലന്പൂർ: മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി ഭദ്രാസനം നിലന്പൂർ മേഖലയുടെ നേതൃത്വത്തിൽ ധന്യൻ ആർച്ച് ബിഷപ് മാർ ഇവാനിയോസിന്റെ 73-ാമത് ഓർമപ്പെരുന്നാളും തീർഥാടന പദയാത്രയും സംഘടിപ്പിച്ചു.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ച ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ പുതുക്കി നടത്തിയ പദയാത്ര ഇന്നലെ രാവിലെ 8.30ന് നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫെറോന പള്ളിയിൽനിന്ന് ആരംഭിച്ചു.
ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക നിലന്പൂർ മേഖല പ്രോട്ടോ വികാരി ഫാ. തോമസ് ചാപ്രത്ത് അധ്യക്ഷത വഹിച്ചു. ക്രിസ്റ്റി ജയിംസ് ആമുഖ പ്രഭാഷണം നടത്തി. ഫാ. കുര്യാക്കോസ് മാതാപ്പാറ, ഫാ. ജോണ്‍ കയത്തിങ്കൽ, ഫാ. വർഗീസ് പ്ലാച്ചിറ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഭിലാഷ് കുന്നേൽ, രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ബാബു വർഗീസ്, എംസിഎ മേഖലാ പ്രസിഡന്റ് ബിജുപോൾ, വൈസ് പ്രസിഡന്റുമാരായ ബൈജു ഏഴുമായിൽ, ജിനു റെജി, സെക്രട്ടറി ദിലു ജോസഫ്, എംസിഎംഎഫ് സഭാതലാ പ്രസിഡന്റ് ക്രിസ്റ്റി വർഗീസ്, സെക്രട്ടറി എലിസബത്ത് ജോർജ് പുതുപ്പറന്പിൽ, മേഖലാ പ്രസിഡന്റ് മോളി എന്നിവർ നേതൃത്വം നൽകി.
നിലന്പൂർ മേഖലയിലെ എട്ട് പള്ളികളിൽ നിന്നുള്ള 1000 ത്തിലധികം അണിനിരന്നു. നിലന്പൂർ നഗരത്തിലൂടെയുള്ള പദയാത്ര കോടതിപ്പടിയിലെ ജോസ്ഗിരി മലങ്കര കത്തോലിക്ക പള്ളിയിൽ ഫാ. തോമസ് ചാപ്രത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. എംസിഎംഎഫ് സഭാതല ഡയറക്ടർ ഫാ. മാത്യു അറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
സഹനങ്ങളെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ കഴിഞ്ഞാൽ അത് അനുഗ്രഹമായി മാറുമെന്ന് പിതാവ് തെളിയിച്ചു. സഹനവും കുരിശും ദൈവത്തോടുള്ള ആരാധന തന്നെയാണെന്ന് ഇവാനിയോസ് പിതാവിന്റെ ജീവിതം തെളിയിച്ചുവെന്നും ഫാ. മാത്യു അറയ്ക്കൽ പറഞ്ഞു. വിശുദ്ധ കുർബാനക്ക് ശേഷം വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
എടക്കര: മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതയുടെ ആഭിമുഖ്യത്തിൽ മാർ ഇവാനിയോസ് അനുസ്മരണ സമ്മേളനവും തീർഥാടന പദയാത്രയും സംഘടിപ്പിച്ചു. എടക്കര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര ഫാ. ജേക്കബ് ചുണ്ടേക്കാട്ടിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മൂത്തേടം ഫാത്തിമ കോളജ് കാന്പസിൽ സജ്ജമാക്കിയ മാർ ഇവാനിയോസ് നഗറിൽ തിർഥാടന പദയാത്രയ്ക്ക് സ്വീകരണം നൽകി.
ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ജില്ലാ എപ്പിസ്കോപ്പൽ വികാരി ഫാ. തോമസ് കല്ലൂർ, ഫാ. ജേക്കബ് ചുണ്ടേക്കാട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. മത്തായി ഐരാണിത്തറ, ഫാ. ലൂക്കോസ് പള്ളിപടഞ്ഞാറ്റേതിൽ, ഫാ. തോമസ് മേനേക്കാട്ടിൽ, ഫാ. ജോഷ്വാ കുറ്റിയിൽ, ഫാ. ഏബ്രഹാം പതാക്കൽ, ഫാ. ലാസർ പുത്തൻകണ്ടത്തിൽ, ഫാ, പോൾസണ്‍ ആറ്റുപുറം, ഫാ. ഇമ്മാനുവൽ മുകളേത്ത് കിഴക്കതിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും സണ്‍ഡേ സ്കൂൾ വിദ്യാർഥികളെയും അനുമോദിച്ചു.
പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി റെന്നി വർഗീസ് നന്ദി പറഞ്ഞു. എടക്കര വൈദിക ജില്ലയിലെ 15 പള്ളികളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
Tags : Mar Ivanios Commemoration