ഈരാറ്റുപേട്ട: നഗരസഭയുടെ സഹകരണത്തോടെ റെയിൻബോ കൺസ്ട്രക്ഷൻസിന്റെയും ഈരാറ്റുപേട്ട സ്പോർട്സ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാരത്തൺ നഗരസഭാ അങ്കണത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ വി.പി. നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അമീൻ പിട്ടയിൽ, അൻവർ അലിയാർ, തണൽ ചെയർമാൻ പി.എ. ഹാഷിം എന്നിവർ പ്രസംഗിച്ചു.
ലഹരി ഉപയോഗത്തിനെതിരായ ശക്തമായ സന്ദേശം സമൂഹത്തിലാകെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന ഈ കൂട്ടായ്മയിൽ വിവിധ മേഖലകളിൽ നിന്നുള്ള കായികപ്രേമികളും യുവജനങ്ങളും നൂറുകണക്കിന് വിദ്യാർഥികളും അണിനിരന്നു.