ആലുവ റെയിൽവേ സ്റ്റേഷന് പിൻവശത്തെ ഗുഡ് ഷെഡ് പരിസരം.
ആലുവ: പൊതുജന സഹായത്തോടെ ഒരു മാസത്തോളം നീണ്ട നൈറ്റ് പടോളിംഗ് പിൻവലിച്ചതോടെ ആലുവ നഗരം നേരം വൈകിയാൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എതിർവശം, ജില്ലാശുപത്രി ജംഗ്ഷൻ, ദേശീയപാത ഫ്ലൈഓവർ, ശിവരാത്രി മണപ്പുറം തുടങ്ങിയ മേഖലകളിലാണ് അനാശാസ്യ പ്രവർത്തനം, മയക്ക് മരുന്ന് ഉപയോഗം, തട്ടിപ്പറിക്കൽ തുടങ്ങിയവയുള്ളത്.
കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷന് പിൻവശം ഗുഡ് ഷെഡ് പരിസരത്ത് വച്ച് ഒരു യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സ്വർണാഭരണവും പണവും തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ യുവാവിന്റെ വാരിയെല്ലും കൈയും കല്ലുകൊണ്ട് ഇടിച്ച് ഒടിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരുടെ ഫോണും ആഭരണവും തട്ടിയെടുത്ത് രക്ഷപ്പെടുന്ന സംഭവങ്ങളും ആലുവയിൽ നിത്യസംഭവമാണ്. പ്ലാറ്റ്ഫോമുകളുടെ മുന്നിലും പിന്നിലും മതിയായ വെളിച്ചം ഇല്ലാത്തതും ചുറ്റും കാടുകൾ വളർന്ന് നിൽക്കുന്നതും അക്രമികൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാൻ വഴിയൊരുക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷന് പിൻവശത്ത് നിന്ന് മൂന്നാം പ്ലാറ്റ്ഫോമിൽ എത്തുന്ന ട്രെയിന്റെ ഏത് കമ്പാർട്ട്മെന്റിലേക്കും ആർക്കും കയറാവുന്ന സൗകര്യമാണുള്ളത്. ഇവിടെ കുറ്റാക്കൂരിരുട്ട് ആയതിനാൽ അക്രമികൾ നിൽക്കുന്നത് ആർക്കും കാണാനാകില്ല. ഇവിടെ റെയിൽവേ രണ്ടാം പ്രവേശന കവാടം തുറന്നാൽ വെളിച്ചവും യാത്രക്കാരുടെ സാന്നിധ്യവും ഉണ്ടാകും. അങ്ങിനെയെങ്കിൽ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.
നൈറ്റ് പട്രോളിംഗ് കർശനമാക്കാൻ പൊലിസിന് നിർദ്ദേശം നൽകിയെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ വയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews