പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) സുപ്രധാന രേഖകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ എന്നിവ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വിഷയം അതീവഗൗരവമായി കണ്ട് കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെട്രോ പൊലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സ്ഥാപനത്തിനുള്ളിലുള്ളവർക്ക് പങ്കുണ്ടാകുമെന്ന സംശയത്തിലാണ് പൊലിസ്. കെഎംആർഎൽ എംഡി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിക്കുന്നു.
ഇതാദ്യമായാണു കൊച്ചി മെട്രോയുടെ രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്തുപോകുന്നത്. സ്ഥിരം എംഡി ലോക്നാഥ് ബഹ്റ സ്ഥാനമൊഴിഞ്ഞതിന് ദിവസങ്ങൾക്കുശേഷം ഇത്തരമൊരു കാര്യം സംഭവിച്ചതിനെ അതീവ ഗൗരവത്തിലാണ് മെട്രോ മാനേജ്മെന്റ് കാണുന്നത്.
സംഭവത്തിൽ ജീവനക്കാർക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കെഎംആർഎലിന്റെ താത്കാലിക മാനേജിംഗ് ഡയറക്ടർകൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. സ്ഥാപനത്തിനുള്ളിലെ ഉദ്യോഗസ്ഥർ തന്നെയാകാം പിന്നിൽ. അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. സ്ഥാപനത്തിനുണ്ടായ നഷ്ടത്തിന്റെയും കളങ്കത്തിന്റെയും വ്യാപ്തി അന്വേഷണം പൂർത്തിയായാൽ മാത്രമേ കണക്കാക്കാനാകൂ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസിൽനിന്ന് ഈ മാസം രണ്ടുമുതൽ 12 വരെയുള്ള ദിവസങ്ങളിലാണ് രേഖകൾ ചോർന്നതെന്നാണ് കരുതുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായും രേഖകൾ പ്രചരിച്ച യൂണിഫൈഡ് കൊച്ചി മെട്രോ റെയിൽ റീഫോം ആൻഡ് ഡെവലപ്മെന്റ് ഫോറം എന്ന വാട്സാപ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ചു വിവരശേഖരണം നടത്തുകയാണെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ മോഹിത് റാവത്ത് പറഞ്ഞു.
Tags : NattuVishesham DistrictNews