ജോജു ബേബി
കഴക്കൂട്ടം: ഇരുപത്തിയഞ്ച് കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ വിലമതിക്കുന്ന കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ ശ്രീകാര്യം പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് തിരുനെല്ലായ് കൊടിയത്ത് ജോജു ബേബി (57)യാണ് അറസ്റ്റിലായത്. ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കാർ അക്സസറീസ് ഷോറൂം ഉടമയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ തമിഴ്നാട്ടിലേക്കു കാറുമായി കടന്ന രണ്ടു പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.
ശ്രീകാര്യത്തെ സ്ഥാപനത്തിലെത്തിയ പ്രതികൾ ഉടമയുമായി സൗഹൃദം സ്ഥാപിക്കുകയും ബിസിനസ് വിപുലീകരണത്തിനായി 25 കോടി രൂപ നിക്ഷേപി ക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയുമായിരുന്നു. ഇരുവരുടെയും വാഗ്ദാനത്തിൽ വിശ്വാസം തോന്നിയ സ്ഥാപന ഉടമ, തന്റെ ഉടമസ്ഥതയിലുള്ള ഓഡി കാർ ഇവർക്ക് ഉപയോഗിക്കാൻ നൽകി. പിന്നീട് ഉടമ അറിയാതെ വാഹനം ചെന്നൈയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു.
തുടർന്നു വാഹനം തിരികെ വേണമെങ്കിൽ 10 ലക്ഷം രൂപകൂടി നൽകണമെന്നാവശ്യപ്പെട്ടു സംഘം ഉടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Tags : District News Nattuvishesham Accused arrested Kazhakkoottam