മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോന്പ് പെരുന്നാളിനു സമാപനം കുറിച്ചു നടന്ന നടയടയ്ക്കൽ ശുശ്രൂഷ.
മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട അടച്ചു. സ്ലീവാ പെരുന്നാൾ ദിനമായ ഇന്നലെ സന്ധ്യാ പ്രാർഥനയെത്തുടർന്നായിരുന്നു നടയടയ്ക്കൽ ശുശ്രൂഷ. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ തിമോത്തിയോസ്, ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് എന്നിവർ കാർമികത്വം വഹിച്ചു.
രാവിലെ വിശുദ്ധ കുർബാനയ്ക്ക് കുര്യാക്കോസ് മാർ ഈവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം കണ്ടു വണങ്ങുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ ഇന്നലെയും കത്തീഡ്രലിലേക്ക് എത്തിയിരുന്നു. കത്തീഡ്രലിന്റെ പ്രധാന മദ്ബഹയിലെ ത്രോണോസിലാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം സ്ഥാപിച്ചിരിക്കുന്നത്.
വൈകുന്നേരം നടന്ന സന്ധ്യാപ്രാർഥനയ്ക്കും നടയടയ്ക്കൽ ശുശ്രൂഷയ്ക്കും തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു.
കുരിശ് സഹനത്തിന്റെയും വിജയത്തിന്റെയും പ്രതീകം: കുര്യാക്കോസ്
മാർ ഇവാനിയോസ്
മണർകാട്: പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ മനുഷ്യജീവിതത്തിൽ കുരിശ് വലിയൊരു വിജയത്തിന്റെ പ്രതീകമാണെന്ന് കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ സ്ലീവാ പെരുന്നാൾ ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.