കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥികളെത്തിയപ്പോൾ.
കുട്ടിക്കാനം: മരിയൻ കോളജ് ഓട്ടോണമസ് സോഷ്യൽ വർക്ക് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി മുണ്ടക്കയം അസീസി കൃപാഭവനിൽ ഔട്ട്റീച്ച് പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിലെ അശരണർക്കും ഭവനരഹിതർക്കും സുരക്ഷിതമായ താമസം, പരിചരണം, പുനരധിവാസം, കൗൺസലിംഗ് തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസിലാക്കുകയും സാമൂഹിക ഉത്തരവാദിത്തബോധവും സേവനമനോഭാവവും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെയും വിവിധ സേവനങ്ങളെയും കുറിച്ചുള്ള പരിചയപ്പെടുത്തലോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടർന്ന് വിദ്യാർഥികൾ പരിസര ശുചീകരണം നടത്തി. കൃപാഭവനിലെ താമസക്കാരുമായി സൗഹൃദ സംഭാഷണവും നടത്തി അവരുടെ ജീവിതാനുഭവങ്ങളും ദിനചര്യയും അറിഞ്ഞു. പരിപാടിയുടെ സമാപനത്തിൽ വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവച്ചു.
വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിനോദപരമായ പ്രവർത്തനങ്ങളും താമസക്കാർക്ക് സന്തോഷവും ഉണർവും പകർന്നു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപകൻ ഡോ. ജോബി ബാബു, വിദ്യാർഥിപ്രതിനിധികളായ എസ്. ആദിത്യ, റിയ ജോമോൻ, അൽന ഹിൽസൺ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Marian College