മുരളീധരൻ
തിരുവനന്തപുരം: പേരൂർക്കട ഉൗളന്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ നിലവിലെ പോരായ്മകൾ പരിഹരിച്ച് വീണ്ടെടുക്കാൻ മാസ്റ്റർപ്ലാൻ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ.
22 വർഷമായി പണി തീരാതെ കിടക്കുന്ന രണ്ടു കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കി തുറന്നു നൽകും. നിലവിലുള്ള കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കും. 2017ലെ മെന്റൽ ഹെൽത്ത് ആക്ട് ശക്തമായി നടപ്പാക്കി രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. മരുന്നുകൾ ആവശ്യാനുസരണം ലഭ്യമാക്കും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. അറ്റൻഡർ, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളിൽ മതിയായ എണ്ണം ജീവനക്കാരെ നിയോഗിക്കും.
ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകൾക്ക് പുറത്തേക്ക് എത്തിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഉൾപ്പെടെ അവസരമൊരുക്കും. ഇതിന് മുന്നോടിയായി പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതിൽ ഉൾപ്പെടെ പൂർത്തിയാക്കി സുരക്ഷ ശക്തമാക്കും.കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ പൊളിഞ്ഞ റോഡുകൾ സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിമാരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു.
Tags : NattuVishasham DistrictNews