തിരുവനന്തപുരം : മാലിന്യനിർമാർജ്ജന വിഷയത്തിലടക്കം ബിജെപി ഭരണത്തിനെതിരേ പ്രത്യക്ഷ സമരവുമായി ഇടതുപക്ഷവും സിപിഎമ്മും മുന്നോട്ടുപോകവേ സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി മേയർ വി.വി. രാജേഷ്.
കോർപറേഷൻ ഭരണത്തെ താറടിച്ചു കാണിക്കാൻ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചു ആമയിഴഞ്ചാൻ തോട്ടിലടക്കം നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. മേയറുടെ ഈ ആരോപം സിപിഎം ജില്ലാ നേതൃത്വത്തെ ലക്ഷ്യം വച്ചുള്ളതാണ്.
കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം വലിച്ചെറിയാൻ ശ്രമിക്കവെ തടഞ്ഞ ഹെൽത്ത് ഇൻസ്പെക്ടറെ വാഹവമ കൊണ്ടിടിച്ചു വീഴ്ത്തിയ കേസിലെ പ്രതി കിരമഠം കോളനിയിലെ ഷെമീറിനെ തമിഴ് നാട്ടിൽനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷെമീർ സിപിഎം പ്രവർത്തകനും ജില്ലയിലെ പ്രധാന പാർട്ടി നേതാക്കളുമായി വലിയ അടുപ്പമുള്ള വ്യക്തിയുമാണെന്നും മേയർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 40 വർഷമായി കോർപറേഷൻ ഭരിച്ചിരുന്നതു സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയായിരുന്നു. ഇപ്പോൾ ഭരണം നഷ്ടപ്പെട്ടതിന്റെ കടുത്ത വിഷമത്തിലാണു സിപിഎം നേതാക്കൾ. നഗരത്തിൽ മാലിന്യം കുന്നുകൂടി കിടക്കന്നുവെന്നു വ്യാജപ്രചാരണം നടത്തുകയാണു സിപിഎം നേതാക്കൾ. ഇരുട്ടിന്റെ മറവിൽ പാർട്ടി പ്രവർത്തകരെയും ഗുണ്ടകളെയും ഉപയോഗിച്ചു നഗരത്തെ തകർക്കുന്ന നടപടിയിൽനിന്നു സിപിഎം പിന്മാറണമെന്നും മേയർ ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണത്തിന് ആധുനിക രീതിയിൽ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം നഗരസഭ പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.