ചങ്ങനാശേരി: നാടിന്റെ വികസന കാര്യങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജലഗതാഗതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ട ഒരു പ്രദേശമാണ് ചങ്ങനാശേരി എന്നും വികസന പദ്ധതികളുടെ നടത്തിപ്പില്‍ ചുറ്റുമുള്ള നിയോജക മണ്ഡലങ്ങളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാത്സല്യം പദ്ധതിയുടെ ലോഗോ പ്രകാശനവും സ്പീക്കര്‍ നിര്‍വഹിച്ചു.
ആര്‍ച്ചബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പുതിയ എംഎല്‍എ വിനു ജോബിനെയും അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ജനറാള്‍ മോൺ. ആന്റണി എത്തയ്ക്കാട്, മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം എന്നിവര്‍ പ്രസംഗിച്ചു.
വികസന സെമിനാറിന് ഡോ. റൂബിള്‍ രാജ് മോഡറേറ്ററായിരുന്നു. വിനോദ സഞ്ചാര സാധ്യതകളും ചങ്ങനാശേരി കമ്പോളവും എന്ന വിഷയത്തില്‍ അലന് ജോസഫ് ജയിംസ്, ചങ്ങനാശേരിയുടെ വിദ്യാഭ്യാസ ഭാവിയും സാധ്യതകളും എന്ന വിഷയത്തില്‍ ഡോ. ജാന്സണ് ജോസഫ്, മാലിന്യമുക്ത ചങ്ങനാശേരിയെ ക്കുറിച്ച് സി.ജെ. ജോസഫ്, വ്യവസായ സാധ്യതകളും മുന്നേറ്റവും എന്ന വിഷയത്തെക്കുറിച്ച് റ്റിന്സു മാത്യു, ഗതാഗത മുന്‍ഗണനകളെക്കുറിച്ച് ജേയ്ക്ക് ജോസഫ്, കൃഷി ആരോഗ്യ മേഖലകളെക്കു റിച്ച് റ്റിറ്റോ നേര്യംപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ചര്‍ച്ചകള്‍ക്ക് വിനു ജോബ് എംഎല്‍എ നേതൃത്വം നല്കി. വികസന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിര്‍ദദേശങ്ങള്‍ ക്രോഡീകരിച്ച് എംഎല്‍എയ്ക്ക് നല്‍കുമെന്നും വികസന കാര്യങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഏകോപനം നടത്താന്‍ മീഡിയാ വില്ലേജ് വേദിയാകുമെന്നും എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് പറഞ്ഞു.