കരിമണ്ണൂര്‍: പ്ലസ്ടു പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ 1200ല്‍ 1200 ഉം നേടി മെഹറിന് ഫാത്തിമ നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി. കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് മെഹറിന് ഫാത്തിമ. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയിരുന്നു.
ദിവസവും 12 മണിക്കൂര്‍ സമയം പഠനത്തിനായി മാറ്റിവച്ചിരുന്നതായി മെഹറിന് ദീപികയോടു പറഞ്ഞു. ചിട്ടയായ പഠനവും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനവും തികഞ്ഞ ആത്മവിശ്വാസവുമാണ് വിജയമന്ത്രം. നീറ്റ് പരീക്ഷയെഴുതി എംബിബിഎസ് പഠിക്കാനാണ് മോഹം. കാര്‍ഡിയോളജിയില്‍ സ്പെഷലൈസ് ചെയ്യാനാണ് താത്പര്യമെന്നും മെഹറിന് പറഞ്ഞു.
മങ്ങാട്ടുകവല ജില്ലാ ആശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറായ കരിമണ്ണൂര്‍ കോട്ടക്കവല മാഞ്ഞുമറ്റത്തില്‍ അജീവിന്റെയും ആലക്കോട് സഹകരണ ബാങ്ക് ജീവനക്കാരി സജീനയുടെയും മകളാണ്. എട്ടാം ക്ലാസിലേക്ക് വിജയിച്ച നെഫ്രീന്‍ ഫാത്തിമയാണ് സഹോദരി. മെഹറിന് ഫാത്തിമയെ സ്കൂള്‍ മാനേജര്‍ ഫാ.ഡോ. ജോസഫ് കൊച്ചുപറമ്പില്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, അധ്യാപകര്‍, പിടിഎ തുടങ്ങിയവര്‍ അഭിനന്ദിച്ചു.