തലശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ടും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് പ
കണ്ണൂർ: തലശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണാ പത്രത്തിൽ ഒപ്പുവച്ചു. എറണാകുളം ബ്രോഡ്വേയിലുള്ള മേജർ ആർച്ച് ബിഷപ് ഹൗസിൽ സർവകലാശാല രജിസ്ട്രാർ ഡോ. അഭിലാഷ് ബാബുവും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫാ. ഡോ. ഫിലിപ്പ് കവിയിലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇതോടെ ക്രിസ്റ്റ്യൻ സ്റ്റഡീസ് ഡിപ്ലോമ കോഴ്സുകളിൽ വിദ്യാർഥികൾക്ക് പഠനം സാധ്യമാകും.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതിരാജ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്പാണ് ഈ ധാരാണാപത്രമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥി കേന്ദ്രീകൃതവും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകൾ ഡിസൈൻ ചെയ്യുന്നതിന് സർവകലാശാല പ്രതിജ്ഞബദ്ധമാണെന്നും വിസി പറഞ്ഞു.
ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും തലശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. അറിവും മൂല്യങ്ങളും കൈകോർക്കുമ്പോഴാണ് യഥാർഥ വിദ്യാഭ്യാസം സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ താത്വിക ചിന്തകളും ശ്രീനാരായണ ഗുരുവിന്റെ മാനുഷിക നിലപാടുകളാണ് നവോത്ഥാനത്തിന് ഗതിവേഗം കൂട്ടിയതെന്നും ആർച്ച്ബിഷപ് പറഞ്ഞു.
സിൻഡിക്കേറ്റ് അംഗങ്ങളായ ജി. സുഗുണൻ, ഡോ. റെനി സെബാസ്റ്റ്യൻ, ഡോ. ജോസഫ് കാക്കരമറ്റത്തിൽ, റോബിൻ സേവ്യർ, ഡോ. ജാൻ എലിസബത്ത് ജോസഫ്, സുബിൻ ആന്റണി മെഹർ റൈനോൾഡ്, കോട്ടയം സെന്റ് തോമസ് സെമിനാരി വൈസ് റെക്ടർ ഫാ. ഡോ. മനു മാപ്പിളപറമ്പിൽ, സിസ്റ്റർ ഡോ.റോസ്ലറ്റ്, ജോർജ് തയ്യിൽ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News