സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് അധികൃതർ പരിശോധിക്കുന്നു.
വൈക്കം: പുതിയ അധ്യയനവർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പ്രത്യേക മഴക്കാല പരിശോധന മോട്ടോർവാഹന വകുപ്പ് തുടങ്ങി. വൈക്കം ആശ്രമം സ്കൂൾ മൈതാനത്ത് ആരംഭിച്ച പരിശോധനാ ക്യാമ്പ് 20ന് സമാപിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
വൈക്കം താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു. വാഹനങ്ങളുടെ ഫിറ്റ്നസ്, സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, അടിയന്തര സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്. പരിശോധനയ്ക്ക് യഥാസമയം ഹാജരായി സ്റ്റിക്കർ ലഭിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും വൈക്കം ജോയിന്റ് ആർടിഒ അറിയിച്ചു.
പരിശോധനയ്ക്ക് വൈക്കം ജോയിന്റ് ആർടിഒ കെ.ജി. ബിജു, എംവിഎമാരായ മെൽവിൽ ക്ലീറ്റർ, ഭരത്ചന്ദ്രൻ, എഎംവിമാരായ സോബി ജോൺ, അനൂപ്, വരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kottayam