തൊടുപുഴ: സാഹിത്യവും സംഗീതവും സിനിമയും ഒരേ വേദിയില്‍ സംഗമിക്കുന്ന സാംസ്കാരിക സായാഹ്നത്തിന് ഉപാസന സാംസ്കാരികകേന്ദ്രം വേദിയൊരുക്കുന്നു. ഉപാസന കാവ്യകലാവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 4.30ന് ഉപാസന ഓഡിറ്റോറിയത്തില്‍ വയലാര്‍ സന്ധ്യയും മലയാള ചലച്ചിത്രമായ പോരിന്റെ ഓഡിയോ റിലീസും നടക്കും.
പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ "സിനിമാഗാനങ്ങള്‍ ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. മലയാള ചലച്ചിത്രഗാനങ്ങളുടെ പരിണാമം, സമകാലിക പ്രവണതകള്‍, ഭാവി സാധ്യതകള്‍ എന്നിവ വിശകലനം ചെയ്യുന്ന പ്രഭാഷണം സംഗീതസാഹിത്യ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകും.
തുടര്‍ന്ന് സംവിധായകന് ഡോ. അനീഷ് ഉറുമ്പില്‍ ഒരുക്കുന്ന പോര് സിനിമയുടെ ഓഡിയോ റിലീസ് നടക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ രചിച്ച വരികള്‍ക്ക് അനുമോദ് ശിവറാം സംഗീതം നല്കി ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ ആലപിച്ച ഗാനത്തിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ഗായകര്‍ വേദിയില്‍ ആലപിക്കും.
ഉപാസന ഡയറക്ടര്‍ ഫാ. ജോണ്സണ് പാലപ്പള്ളി, സെക്രട്ടറി ഡോ. സാബു വര്‍ഗീസ്, നാദോപാസന ഡയറക്ടര്‍ ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ, സംഗീത സംവിധായകന് അനുമോദ് ശിവറാം, സംവിധായകന് ഡോ. അനീഷ് ഉറുമ്പില്‍, ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സാഹിത്യ, സംഗീത, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
Tags : Music movie evening Nattuvishesham District news