പത്തനംതിട്ട: ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗീസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള നേട്ടം കൈവരിച്ച അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷാലിറ്റിആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം. ആറാമത് എഡീഷൻ അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപന സമ്മേളനം നാളെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ നടക്കുമെന്ന് സിഇഒ ഡോ. ജോർഡ് ചാക്കച്ചേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
രോഗികേന്ദ്രിതമായ ആരോഗ്യപരിചരണം, രോഗീസുരക്ഷ, ധാർമികമായ ചികിത്സാരീതികൾ, അന്തർദേശീയ നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ, നിരന്തര ഗുണനിലവാരമെച്ചപ്പെടുത്തൽ. ജീവനക്കാരുടെ പരിശീലനം, അണുബാധ നിയന്ത്രണം, സുരക്ഷിതമായ ക്ലിനിക്കൽ സംവിധാനങ്ങൾ, മികച്ച ഭരണനിർവഹണം എന്നിവയിൽ ആശുപത്രി കൈവരിച്ച മികവിനുള്ള ദേശീയ അംഗീകാരമാണ് ലഭിച്ചത്.
പരിപാടിയുടെ ഭാഗമായി രാവിലെ 11 ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് പ്രഭാഷണം നടത്തും. തുടർന്ന് ആരോഗ്യരംഗത്തെ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചയും നടക്കും. 12 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല എൻഎബിഎച്ച് അംഗീകാരം പ്രഖ്യാപിക്കും. ആശുപത്രി ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും.
സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ബോധവത്കരണ പ്രചാരണമായ തൂഫാൻ കാന്പെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലൈഫ് ലൈൻ ആശുപത്രി തയാറാക്കിയ പ്രത്യേക പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിക്കും.
എംപിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി, എംഎൽഎമാരായ പഴകുളം മധു, സി. വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് തുടങ്ങിയവർ പ്രസംഗിക്കും. നഴ്സിംഗ് സർവീസസ്, ക്വാളിറ്റി ആൻഡ് അക്രഡിറ്റേഷൻ ഡയറക്ടർ വിജയലക്ഷ്മി അച്യുതൻ നായർ, പിആർഒ ശ്രീകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Accreditation