തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍ വില്‍പ്പനയ്ക്കെത്തിച്ച മത്സ്യവുമായി നാസര്‍.
തൊടുപുഴ: എല്ലാ മഴക്കാലവും കാഞ്ഞാര്‍ സ്വദേശി പാറയില്‍ നവാസിന് ചാകരക്കാലമാണ്. ഈ സമയത്ത് മലങ്കര ജലാശയത്തില്‍നിന്ന് നാസര്‍ പിടിക്കുന്ന വാളയ്ക്കും വരാലിനുമൊക്കെ ആവശ്യക്കാര്‍ ഏറെയാണ്. തൊടുപുഴ നഗരത്തില്‍ കാഞ്ഞിരമറ്റം ബൈപാസില്‍ നാസര്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന മത്സ്യം വാങ്ങാന്‍ ഏറെ ആളുകളെത്തുന്നുണ്ട്. കടല്‍ മത്സ്യത്തിനു വിലയേറിയതോടെയാണ് നാസറിന്റെ പുഴ മീനിന് ഡിമാന്റേറിയത്. മഴയില്ലാത്ത സമയത്തും മത്സ്യം ലഭിക്കാറുണ്ടെങ്കിലും മണ്‍സൂണ്‍ സമയമാണ് നാസറുള്പ്പെടെയുള്ള മീന്‍ പിടുത്തക്കാരുടെ അനൂകൂല സമയം.
ഫിഷറീസ് വകുപ്പിന്റെ അംഗീകൃത മത്സ്യ തൊഴിലാളിയായ നാസര്‍ മലങ്കര ജലാശയത്തില്‍നിന്ന് പത്തു വര്‍ഷമായി മീന്‍ പിടിച്ച് കഴിയുന്നയാളാണ്. തലേ ദിവസം രാത്രി വള്ളത്തില്‍ ജലാശയത്തില്‍ സഞ്ചരിച്ച് കെട്ടുവല സ്ഥാപിച്ച് പിറ്റേന്ന് പുലര്‍ച്ചെ നാലോടെ മത്സ്യംപിടിക്കാന്‍ തുടങ്ങും. കാഞ്ഞാര്‍, വയനക്കാവ്, ശരംകുത്തി മേഖലകളിലാണ് കൂടുതലായി മത്സ്യബന്ധനം നടത്തുന്നത്.
മഴക്കാലത്ത് വാളയും വരാലുമാണ് കൂടുതല്‍ ലഭിക്കുന്നത്. പത്തര കിലോ തൂക്കമുള്ള വാള വരെ ലഭിച്ചിട്ടുണ്ട്. 450 രൂപയ്ക്കാണ് വാള വില്‍പ്പന നടത്തുന്നത്. വരാല് 400 രൂപയ്ക്കാണ് വില്‍പ്പന. ഇതിനു പുറമേ മനഞ്ഞില് -600, കൂരല്-300, ചൊവ്വാലിപ്പരല്-25, ആരകന്‍-500 എന്നിവയും വില്‍പ്പനയ്ക്കെത്തിക്കാറുണ്ട്. രാവിലെയെത്തിക്കുന്ന മത്സ്യം ഉച്ചയോടെതന്നെ വിറ്റു തീര്‍ക്കും.
ലഭ്യതയ്ക്കനുസരിച്ചാണ് മത്സ്യത്തിന്റെ വില്‍പ്പന നടത്തുന്നത്. ഒരു ദിവസം 400 കിലോ വരെ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് നാസര്‍ പറയുന്നു. ചിലപ്പോള്‍ വെറും കൈയോടെ മടങ്ങേണ്ടിയും വന്നിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മറ്റു ജോലികള്ക്കുപോകും.കൂടുതല്‍ ദിവസങ്ങളിലും നിരാശപ്പെടേണ്ടി വരാറില്ല. എന്നാല്‍ മലങ്കര ജലാശയത്തില്‍ മ
മത്സ്യലഭ്യത കുറഞ്ഞത് പ്രതിസന്ധിയായിട്ടുണ്ടെന്ന് നാസര്‍ പറഞ്ഞു.
അംഗീകൃത മത്സ്യത്തൊഴിലാളിയായതിനാല്‍ ഫിഷറീസ് വകുപ്പിന്റെ ആനുകൂല്യങ്ങളും ലഭിക്കാറുണ്ട്. നാസര്‍ ഉള്‍പ്പെടെ ചുരുക്കം ചിലര്‍ക്കു മാത്രമാണ് മലങ്കരയില്‍നിന്നു മത്സ്യം പിടിക്കാന്‍ അനുമതിയുള്ളത്.