നെടുമ്പാശേരി : എയർപോർട്ട് നഗറിൽ ഉൾപ്പെട്ട നിലമായി രേഖകളിൽ തുടരുന്ന പുനരധിവാസ കേന്ദ്രത്തിലെയും കളി സ്ഥലത്തെയും ഭൂമി പുരയിടം ആയി തരം മാറ്റി നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി തയാറാക്കിയ അകപ്പറമ്പിലെ പുനരധിവാസ കേന്ദ്രത്തിന്റെ സ്ഥലം രേഖകളിൽ ഇപ്പോഴും നിലമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലം കുടുംബങ്ങൾക്ക് വിതരണം ചെയ്ത് മുപ്പത് വർഷത്തോളമായിട്ടും സ്ഥലത്തിന്റെ തരം പുരയിടമാക്കി മാറ്റാൻ അധികൃതർ തയാറായിട്ടില്ല.
ഇതിനാൽ ഇവിടെ താമസിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് വീട് നിർമാണത്തിനും ബാങ്ക് ലോൺ എടുക്കുന്നതിനും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്.
ഇതോടൊപ്പം അകപ്പറമ്പ് റെയിൽവേ ഗേറ്റിനോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് വക കളി സ്ഥലവും രേഖകളിൽ നിലമായിട്ടാണ് കിടക്കുന്നത്. ഇവിടെ പഞ്ചായത്ത് ഭരണസമിതി ഒരു സ്റ്റേഡിയം നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും, സ്ഥലം നിലമായി തുടരുന്നതിനാൽ പദ്ധതിക്ക് തടസം നേരിടുകയാണ്.
ഈ സാഹചര്യത്തിലാണ് അകപറമ്പ് പുനരധിവാസ കേന്ദ്രവും കളി സ്ഥലവും നിലമെന്ന അവസ്ഥയിൽ നിന്നും പുരയിടമാക്കി തരം മാറ്റുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതി പ്രമേയം വഴി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒൻപതാം വാർഡ് മെമ്പർ ജോസ് പി. വർഗീസ് അവതരിപ്പിച്ച പ്രമേയം 13ാം വാർഡ് അംഗം എൽസി വർഗീസ് പിന്താങ്ങി. യോഗം ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. പ്രസിഡന്റ് ജെസി ജോർജ് അധ്യക്ഷയായിരുന്നു.
Tags : Local News Nattuvishesham Ernakulam