ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ താരങ്ങൾ ട്രോഫികളുമായി.
നെടുങ്കണ്ടം: ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 44-ാമത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ചാമ്പ്യന്മാരായി. 24 സ്വർണം, 10 വെള്ളി, അഞ്ച് വെങ്കലം എന്നിവ നേടിയാണ് നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ചാന്പ്യന്മാരായത്. 15 സ്വർണം, 14 വെള്ളി, ആറു വെങ്കലം മെഡലുകളുമായി ഡിസ്ട്രിക്ട് സ്പോർട്സ് അക്കാദമി റണ്ണേഴ്സ് അപ്പായി.
മിനി, സബ് ജൂണിയർ, കേഡറ്റ്, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി ഇരുനൂറോളം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. ജില്ലാ ജൂഡോ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ്, അന്തരിച്ച ഷാജി വയലിലിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ഷാജി വയലിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ചാമ്പ്യന്മാരായ നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷന് സമ്മാനിച്ചു.
മികച്ച പുരുഷ താരമായി നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷന്റെ അനുജിത്ത് രാജേഷിനെയും മികച്ച വനിതാ താരമായി വണ്ടന്മേട് സെന്റ് ആന്റണീസ് സ്കൂളിലെ ശ്രീപാർവതിയെയും തെരഞ്ഞെടുത്തു.
നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും സേനാപതി വേണു എംഎൽഎ നിർവഹിച്ചു. ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ, വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, എം. സുകുമാരൻ, സൈജു ചെറിയാൻ, സച്ചിൻ ജോണി, ജില്ലാ ജൂഡോ അസോസിയേഷൻ ഭാരവാഹികൾ, സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.