കൊച്ചി: മൂലമ്പിള്ളി പുനരധിവാസ ഭൂമിയിലേക്ക് സർവീസ് റോഡ് നിർമിക്കുന്നതിന് മുന്നോടിയായി ദേശീപാതാ അഥോറിറ്റി (എൻഎച്ച്എഐ) അധികൃതർ സ്ഥല പരിശോധന നടത്തി. മൂലമ്പിള്ളി പാക്കേജ് പ്രകാരം മൂലമ്പിള്ളി പുഴയുടെ ഓരത്ത് 1.05 ഏക്കർ ഭൂമി നികത്തിയാണ് 13 കുടുംബങ്ങൾക്ക് അഞ്ചും ആറും സെന്റ് വീതം പട്ടയം നൽകിയത്.
ഇതിനകം എട്ട് കുടുംബങ്ങൾ വീടുകൾ നിർമിച്ചെങ്കിലും കണ്ടെയ്നർ റോഡിലേക്കുള്ള പ്രവേശനം നിയന്ത്രിതമായതിനാൽ സുഗമമായ സഞ്ചാരത്തിന് തടസമുണ്ട്. ഇക്കാര്യവും സർവീസ് റോഡ് വേണമെന്നും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ ചെയർമാനായ മൂലമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയിൽ കോ-ഓർഡിനേഷൻ കമ്മിറ്റി പരാതിയും നൽകി. തുടർന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിക്കുകയായിരുന്നു.
പരിശോധനാ സംഘത്തിന് ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ, ആന്റണി ഓസ്റ്റിൻ പനക്കൽ, ജോസി പനക്കൽ അരവിന്ദൻ കരിപുറത്ത് തുടങ്ങിയവരാണ് നിവേദനം നൽകിയത്.
Tags : nattu vishesham NHAI officials inspection.