പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അവധി ഒഴിവാക്കി സ്കൂൾ പ്രവർത്തിപ്പിക്കാനുള്ള ചെന്നീർക്കര , കോന്നി അടൂർ കേന്ദ്രീയ വിദ്യാലയാധികൃതരുടെ തീരുമാനത്തിനെതിരേ രക്ഷിതാക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം. മഴയേത്തുടർന്ന് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ വീണ്ടെടുക്കാനാണ് ഇന്നു ക്ലാസ് നടത്തുന്നതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. രാജ്യമൊട്ടാകെ ഇന്ന് ജന്മാഷ്ടമി അവധി ആണെന്നിരിക്കേ പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രം പ്രവർത്തിക്കുന്നതിനോടു യോജിക്കാനാകില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
ശോഭായാത്രകളുടെ ഭാഗമായി ഉച്ചകഴിഞ്ഞ് റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സ്വകാര്യ ബസുകളെയും ട്രാവലറുകളെയും ആശ്രയിച്ച് സ്കൂളിലെത്തുന്ന കുട്ടികൾ തിരികെ എങ്ങനെ സുരക്ഷിതമായി വീട്ടിലെത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തമായ മറുപടിയില്ല.
എല്ലാ വർഷവും പൊതുഅവധി നൽകിയിരുന്ന ദിനമാണിത്. സാധാരണയായി ശനിയാഴ്ചകളിൽ ഉൾപ്പെടെ ക്ലാസുകളുള്ള സ്കൂളിൽ, മഴയുടെ പേരുപറഞ്ഞ് കൃഷ്ണജയന്തി അവധി ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മഴക്കാലത്തെ നഷ്ടം നികത്താൻ ദിവസേനയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂർ വീതം നീട്ടാൻ അധികൃതർ നേരത്തേ ആലോചിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ എതിർപ്പിനേത്തുടർന്ന് അതും ഉപേക്ഷിക്കുകയായിരുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന സ്കൂൾ സമയം സാധാരണ നിലയിൽ ഉച്ചകഴിഞ്ഞ് 2.40 വരെയാണ്.