പൊതിച്ചോർ വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി
കണ്ണൂർ: ആയിരക്കണക്കിനാളുകൾക്ക് ആശ്വാസമായ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിൽ രാഷ്ട്രീയം കാണുന്നത് ആരോഗ്യമന്ത്രി കെ. മുരളീധരനെന്ന് സംസ്ഥാന സെക്രട്ടറി വി.കെ .സനോജ് എംഎൽഎ. ഭക്ഷണം നൽകുമ്പോൾ അതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഡിവൈഎഫ്ഐ നടത്തിയിട്ടില്ല. ഇതുവരെ തുടർന്നിരുന്നതുപോലെ വരുംദിവസങ്ങ ളിലും പൊതിച്ചോർ വിതരണം ചെയ്യും.
ഒരു മന്ത്രിക്കും അത് തടയാനാകില്ലെന്നും സനോജ് പറഞ്ഞു. ഡിവൈഎഫ്ഐയ്ക്ക് വിവിധയിടങ്ങളിലായി നൂറുകണക്കിന് ആംബുലൻസുകളുണ്ട്. അതും നിർത്താൻ മന്ത്രി പറയുമോ? ഓരോ ദിവസവും ആയിരത്തിലേറെപ്പേർക്ക് രക്തംദാനം ചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. ഉമ്മൻചാണ്ടി ഭരിക്കുമ്പോഴും ഏറ്റവും കൂടുതൽ രക്തംദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ഡിവൈഎഫ്ഐയ്ക്കാണ്. ഡിവൈഎഫ്ഐയുടെ രക്തദാനവും തടയുമെന്ന് മന്ത്രി പറയുമോ? എന്തിനാണ് മുരളീധരൻ ഡിവൈഎഫ്ഐയെ ഭയക്കുന്നതെന്നും സനോജ് ചോദിച്ചു.
ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തിയത് യുഡിഎഫ് നേതാക്കളാണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ ഒരു ക്രമസമാധാന പ്രശ്നവും ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും സനോജ് പറഞ്ഞു.
Tags : Nattuvishesham District News