കോഴിക്കോട്: കര്‍ക്കടകമാസം എത്തിയിട്ടും മഴ പെയ്യാത്തതിനാല്‍ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. വയലുകളില്‍ ഞാറ്റടിപ്പാട്ടുകള്‍ ഉയരേണ്ട സമയമാണിത്.
ഞാറ് പാകാനും പറിച്ചു നടാനും വെള്ളം വേണം. ഏതാനും ദിവസങ്ങളായി മഴയ്ക്കു പകരം ശക്തമായ വെയില് തെളിയുന്നതിനാല്‍ നെല്‍കൃഷിക്കുള്ള തയാറെടുപ്പുകള്‍ നടത്താന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. മറ്റു വിളകള്‍ നട്ടുപിടിപ്പിക്കാനും വളപ്രയോഗം നടത്താനും മഴ വേണം.
തെങ്ങ്, കമുക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, വാഴ തുടങ്ങിയ കൃഷികളെയെല്ലാം മഴക്കുറവ് സാരമായി ബാധിച്ചിട്ടുണ്ട്. മഴയും കടുത്ത വെയിലും മാറി മാറി വരുന്ന സന്ദര്‍ഭത്തില്‍ വാഴകള്‍ ഒടിഞ്ഞു വീഴുകയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
നെല്‍കൃഷിക്കായി വിത്ത് വിതയ്ക്കുന്നതടക്കമുള്ള പണികള്‍ മഴയില്ലാത്തതിനാല്‍ നീണ്ടുപോകുകയാണെന്ന് മുക്കം മണാശേരിയിലെ നെല്‍ കര്‍ഷകനായ വിനോദ് പറഞ്ഞു. നെല്‍കൃഷിക്ക് തോട്ടില്‍ നിന്നു വെള്ളം വയലിലേക്ക് തിരിച്ചെടുക്കുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം തോട്ടിലൊന്നും തീരെ വെള്ളമില്ലെന്നും അദ്ദേഹം പറയുന്നു.
ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍,മേയ് മാസങ്ങളിലായി നട്ട മഞ്ഞളിന്റെയും ഇഞ്ചിയുടെയും വളര്‍ച്ച മുരടിക്കും. ഇഞ്ചി കൃഷിക്ക് വളപ്രയോഗം നടത്തണമെങ്കില്‍ നല്ല മഴ വേണം. കാലം തെറ്റി മഴ പെയ്തിട്ടും കാര്യമില്ല. മഴക്കുറവ് മൂലമുള്ള കൃഷിനാശത്തിന് പുറമെ വന്യജീവികളുടെ ശല്യവുമുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാട്ടുപന്നികള്‍ കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
ഓണം മുന്നില്‍ കണ്ട് ആരംഭിച്ച പച്ചക്കറി കൃഷിയെയും മഴക്കുറവ് ബാധിച്ചിട്ടുണ്ട്. ചൂട് കൂടുതലായതിനാല്‍ മണ്ണില്‍ ഈര്‍പ്പം നില്ക്കുന്നില്ല. അതിനാല്‍ എത്ര വെള്ളം ഒഴിച്ചുകൊടുത്താലും പച്ചക്കറി തൈകള്‍ കരിഞ്ഞുണങ്ങി പോകുകയാണ്.
ഞാറ്റുവേല സമയമായ ഇപ്പോഴാണ് കുരുമുളക് വള്ളികള്‍ നടുന്നത്. മഴ ലഭിക്കാത്തതിനാല്‍, ഇതിനകം നട്ട കുരുമുളക് വള്ളികളെല്ലാം ഉണങ്ങിപ്പോവുകയാണ്. കവുങ്ങ്, തെങ്ങ് തൈകള്‍ നടാനും മഴ വേണം. ഇതിനകം തൈകള്‍ നട്ട കര്‍ഷകരെല്ലാം ആശങ്കയിലാണെന്ന് കൂരാച്ചുണ്ടിലെ കര്‍ഷകനായ സജി മഠത്തില്‍പറമ്പില്‍ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode