നീറന്താനം ജംഗ്ഷനിലെ കൈവരിയില്ലാത്ത പാലം.
രാമപുരം: നീറന്താനം ജംഗ്ഷനില്‍നിന്നു പൂവക്കുളം ഭാഗത്തേക്കു പോകുന്ന റോഡിലെ പാലത്തിന്റെ കൈവരിക്ക് ഉയരമില്ലാത്തതിനാല്‍ നാട്ടുകാര്‍ ഭീതിയില്‍. ഈ പാലത്തിന് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച കൈവരി ഉണ്ടായിരുന്നു. റോഡ് ടാറിംഗ് നടത്തിയപ്പോള്‍ റോഡിന്റെ ഉയരം കൂടി കൈവരിയുടെ മുക്കാല്‍ ഭാഗം റോഡിനടിയിലായിപ്പോയി. ഈ പാലത്തിനു സമീപത്തുതന്നെയാണ് നീറന്താനം സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂള്‍ കുട്ടികള്‍ ഈ പാലത്തിൽ കയറി തോട്ടിലേക്ക് എത്തിനോക്കുന്നത് പതിവാണ്.
കൈവരിക്ക് ഉയരമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഭീതിയോടെയാണ് കടന്നുപോകുന്നത്. മണ്ഡലകാലമായാല്‍ നിരവധി അയ്യപ്പന്മാരാണ് ഈവഴി രാപകലില്ലാതെ കാല്‍നടയായും വാഹനങ്ങളിലും ശബരിമലയിലേക്കു പോകുന്നത്. എത്രയും പെട്ടെന്ന് ഈ പാലത്തിന് താത്കാലികമായിട്ടെങ്കിലും ഉയരത്തില്‍ കൈവരി നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.