പെരിന്തല്‍മണ്ണ: ബ്രിട്ടീഷ് ഭരണകാലത്ത് പണിത പഴയ ഓടിട്ട കെട്ടിടത്തില്‍ വീര്‍പ്പുമുട്ടി എക്സൈസ് ഓഫീസ് ജീവനക്കാര്‍. മേല്‍ക്കൂരയിലെ ദ്രവിച്ച പട്ടികയും കഴുക്കോലും പൊട്ടിയ ഓടുകളുമുള്ള കെട്ടിടത്തില്‍ മഴവെള്ള ചോര്‍ച്ചയാണ്. ഇത് ഒഴിവാക്കാന്‍ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്.
2009ലാണ് എക്സൈസ് സര്‍ക്കിള്‍, എക്സൈസ് റെയ്ഞ്ച് ഓഫീസുകള്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണ സബ് ജയിലിന് സമീപമാണ് കെട്ടിടം. ഇതിന് മുന്‍പ് രണ്ട് ഓഫീസുകളും പെരിന്തല്‍മണ്ണയിലെ രണ്ട് വാടകക്കെട്ടിടങ്ങളിലായിരുന്നു. നഗരസഭയുടെയും 16 ഗ്രാമ പഞ്ചായത്തുകളുടെയും പ്രവര്‍ത്തന പരിധിയിലാണ് ഓഫീസുകളുടെ പ്രവര്‍ത്തനം.
മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ത്ഥ്യമായപ്പോള്‍ താലൂക്ക് ഓഫീസ് അവിടേക്ക് മാറ്റി. ഇതേത്തുടര്‍ന്നാണ് പഴയ കെട്ടിടം എക്സൈസ് ഓഫീസിനായി ലഭിച്ചത്. ലഹരിക്കേസുകളില്‍ എക്സൈസ് പിടികൂടിയ തൊണ്ടി വാഹനങ്ങളും ഓഫീസിന് ചുറ്റുമായാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.
ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് നജീബ് കാന്തപുരം എംഎല്‍എ
പെരിന്തല്‍മണ്ണ: എക്സൈസ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് നജീബ് കാന്തപുരം എംഎല്‍എ. ശോച്യാവസ്ഥയിലായ ഓഫീസ് സന്ദര്‍ശന വേളയിലാണ് എംഎല്‍എ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കിയത്.
വിഷയം ബജറ്റ് ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. റവന്യുവകുപ്പില്‍നിന്ന് ഭൂമി ഏറ്റെടുത്ത് അവിടെ എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം പണിയണമെന്നാണ് ആവശ്യം. ഇതിനായി എംഎല്‍എയെ സമീപിച്ച് കാത്തിരിക്കുകയാണ് ജീവനക്കാര്‍.
Tags : Local News Nattuvishesham Malappuram