പട്ടാമ്പി താലൂക്ക് ഭിന്നശേഷി സൗഹൃദവേദിയുടെ ഓണത്തിളക്കം പരിപാടിയിൽ അവതരിപ്പിച്ച ശിങ്കാരിമേളം.
കൂറ്റനാട്: ഓണാഘോഷം സംഘടിപ്പിക്കാനും വിജയിപ്പിക്കാനും ഞങ്ങൾക്കുമാകും. ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസത്തിൽ കൊട്ടിക്കയറിയ ഓണാഘോഷത്തിന്റെ കഥയിങ്ങനെ....
എന്നും ഓണാഘോഷങ്ങളുടെ സദസിൽ കാഴ്ചക്കാരായിമാത്രം ഇരിക്കേണ്ടിവന്നിരുന്ന ഭിന്നശേഷിക്കാർ ഇവിടെ ആഘോഷത്തിന്റെ സംഘാടകരും നായകരുമായി തിളങ്ങി.
വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പകച്ചുനിന്ന ഭിന്നശേഷി സമൂഹത്തെ ജീവിതത്തിന്റെ തുറസിലേക്ക് കൈപിടിച്ച കേരളത്തിലെ പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിനു അഭിമാനം പകരുന്ന ചിത്രം കൂടിയായി ഈ ഭിന്നശേഷി വീൽചെയറുകാരുടെ ഓണാഘോഷം.
മുപ്പത്തിമൂന്നുവർഷം വീൽചെയർ ജീവിതംപിന്നിട്ട കൊപ്പം പറക്കാട്ടെ സുലൈഖയായിരുന്നു പ്രോഗ്രാമിന്റെ മുഖ്യസംഘാടക.
ആമയൂരിലെ ഷാജി ഉപകൺവീനറും ഒപ്പം കൂറ്റനാട്ടെ പ്രേമലത, കരിമ്പയിലെ നിയാസ്, എറവക്കാട്ടെ രമേശൻ തുടങ്ങി ഭിന്നശേഷി വീൽചെയർ സൗഹൃദങ്ങളും.
സ്വാഗതസംഘം രൂപീകരണംമുതൽ വേദി നിർണയിക്കൽ, ഓണസദ്യ ഏർപ്പാടാക്കൽ, സാമ്പത്തിക സമാഹരണം തുടങ്ങി മുൻപ് തങ്ങൾക്കന്യമായിരുന്ന ഉത്തരവാദിത്തങ്ങളെല്ലാം അവർ സ്വയം ഏറ്റെടുത്തു. പട്ടാമ്പി താലൂക്ക് ഭിന്നശേഷി സൗഹൃദവേദിയുടെ ബാനറിലായിരുന്നു ഓണത്തിളക്കം എന്നപേരിൽ അവതിരിപ്പിച്ച ആഘോഷ പരിപാടി.
കൂറ്റനാട്ടെ വാവനൂരിലെ ഗാമിയോ കൺവൻഷൻ സെന്ററായിരുന്നുവേദി.നൂറ്റിയിരുപതോളം വീൽചെയർ സുഹൃത്തുക്കൾ ഓണാഘോഷത്തിനെത്തി. ഒപ്പം അവരുടെ വീട്ടുകാരും.
സഹായികളെയും കൈത്താങ്ങുകാരേയും, ക്ഷണിതാക്കളേയും ആസ്വാദകരായി ഇരുത്തി. ചക്രക്കസേരയിലിരുന്ന് അവതരിപ്പിച്ച ശിങ്കാരിമേളം വേദിയിലെ ശ്രദ്ധനേടിയ ഇനമായി. തൃശൂർ കോലഴി പൂമ്പാറ്റ കാലാവേദിയുടെ നേതൃത്വത്തിലായിരുന്നു ശിങ്കാരിമേളം. സംഘാംഗങ്ങളിൽ ഒമ്പതുപേർ പട്ടാമ്പി താലൂക്കിലുള്ളവരായിരുന്നു. പൂക്കളം തീർത്തും വീൽചെയറിലിരുന്ന് വടംവലിയിൽ കരുത്തുകാട്ടിയും, ഓണപ്പാട്ടിൽ ഗതകാലസ്മരണ വിരിയിച്ചെടുത്തും, മ്യൂസികബോൾ, ലമൺ സ്പൂൺ മത്സരങ്ങളിൽ മാറ്റുരച്ചും അവർ ഓണം പൊലിപ്പിച്ചു.
ഒന്നിച്ചിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചു. തൃത്താല ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ മുസ്തഫ, ഐഎപിസി കേരള പ്രസിഡന്റ് എം. പ്രദിപ്, സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ, ഷരീഫ് പട്ടാമ്പി, ഉസ്മാൻ, ബക്കർ കേലശേരി, അഡ്വ.എം. വിദ്യാധരൻ, കെ.വി. ഷാജി, പി.വി. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
വിളയോടി ന്യൂവൽ പബ്ലിക് സ്കൂളിൽ ഓണാഘോഷം
ചിറ്റൂർ: വിളയോടി വവ്വാക്കോട് ന്യൂവൽ പബ്ലിക് സ്കൂളിൽ ഓണം ആഘോഷിച്ചു. പൂക്കളം, പുലിക്കളി, വടംവലി, ലെമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങൾനടത്തി വിദ്യാർഥികൾക്ക് സമ്മാനദാനം നൽകി.
വടംവലിമത്സരം കാണികൾക്ക് ആവേശം പകർന്നു. സ്കൂൾ പ്രിൻസിപ്പൽ ബീന തോമസ്, അധ്യാപകരായ അർച്ചന, ശുഭ, സുഗന്ധി, കൃപ, മിത, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മാണിക്കുഞ്ഞ് എന്നിവർ ആഘോഷത്തിനു നേതൃത്വംനൽകി.
Tags : NattuVishesham DistrictNews