ദേശീയപാതയില്‍ ഗതാഗതയോഗ്യമല്ലെന്ന് കണ്ടെത്തിയ ഭാഗം.
ചെറുവത്തൂര്‍:ദേശീയപാത 66ന്റെ രണ്ടാം റീച്ചില്‍ നിര്‍മാണം പൂര്‍ത്തിയായ കാര്യങ്കോട് പാലം മുതല്‍ മയിച്ച പാലം വരെയുള്ള 600 മീറ്റര്‍ ഭാഗം ഗതാഗതയോഗ്യമല്ലെന്നു മണ്ണുപരിശോധനയില്‍ കണ്ടെത്തി. ഈ ഭാഗം പൊളിച്ചുമാറ്റി ആകാശപ്പാത നിര്‍മിക്കാന്‍ കരാര്‍ക്കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനു ദേശീയപാത അഥോറിറ്റി (എന്‍എച്ച്എഐ) നിര്‍ദേശം നല്കി.
നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുനല്‍കിയ ഭാഗമാണിത്. മഴക്കാലത്തു വെള്ളപ്പൊക്കമുണ്ടാകുന്ന മയിച്ച പ്രദേശം ചതുപ്പുനിലമാണെന്ന കാര്യം കണക്കിലെടുത്താണ് ഇവിടെ മണ്ണുപരിശോധന നടത്തിയത്. പാതയുടെ സമീപത്തു രണ്ടു ഭാഗത്തും തോടുകളും പുഴയും തടാകവുമുണ്ട്.
ഇവിടെയുണ്ടായിരുന്ന തടാകം നിര്‍മാണത്തിന്റെ ഭാഗമായി നികത്തിയിരുന്നു. ദേശീയപാത നിര്‍മാണത്തിലെ ഏറ്റവും സങ്കീര്‍ണമായ മേഖലയായാണ് കാര്യങ്കോട് പാലം മുതല്‍ ചെറുവത്തൂരിലെ പഴയ ചെക്പോസ്റ്റ് വരെയുള്ള ഭാഗത്തെ കണക്കാക്കുന്നത്. വീരമലയും ഈ മേഖലയിലാണു സ്ഥിതിചെയ്യുന്നത്. വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ തടയുന്നതിനുള്ള സുരക്ഷാപദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
Tags : Nattuvishesham District News