എലിക്കുളം മഞ്ചക്കുഴിയിൽ താഴ്ചയിലേക്ക് മറിഞ്ഞ പെട്ടി ഓട്ടോ.
എലിക്കുളം: പാലാ-പൊൻകുന്നം റോഡിലെ കൊടുംവളവായ മഞ്ചക്കുഴി വളവ് സ്ഥിരമായി അപകടവേദിയായി. കഴിഞ്ഞ ദിവസം കൊറിയർ കമ്പനിയുടെ പെട്ടിഓട്ടോ വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. എറണാകുളം വൈപ്പിൻ മാലിപ്പുറം തുറമുഖത്ത് വീട്ടിൽ ഷാസ് (27) ആണ് ഓട്ടോ ഓടിച്ചിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞ ഓട്ടോയിൽനിന്ന് സമീപത്തെ ഓട്ടോത്തൊഴിലാളികൾ ചേർന്ന് ഷാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി-എലിക്കുളം റോഡ് സംഗമിക്കുന്ന മഞ്ചക്കുഴിയിൽ പിപി റോഡിലെ അപകടകരമായ വളവുകളിലൊന്നാണിത്. മടുക്കക്കുന്ന് പള്ളി കഴിഞ്ഞ് തുടങ്ങുന്ന എസ്-വളവാണിത്. പാലാ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിടാൻ സാധ്യതയേറെയാണ്. പാലാ ഭാഗത്തുനിന്നെത്തിയ ഓട്ടോയാണ് മറിഞ്ഞതും. മുന്പ് ഇതേ വളവിൽ ബൈക്കിൽ യാത്ര ചെയ്ത കെഎസ്ആർടിസി ഡ്രൈവർ അപകടത്തിൽ മരിച്ചതാണ്.
സമീപത്തെ കലുങ്കിൽ വാഹനമിടിച്ചും അപകടമുണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ വളവുകളുടെ ഇരുവശത്തും റമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ചാൽ കുറച്ചൊരു പരിഹാരമാകും. വളവിൽ ഓവർടേക്കിംഗിന് ശ്രമിക്കുന്നതും അപകടകാരണമാകുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
Tags : NattuVishesham DistrictNews DeepikaNews