കാറിടിച്ച് റോഡരികിലേക്ക് മറിഞ്ഞ സ്കൂട്ടർ.
മാങ്കാംകുഴി: അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് മകൾ മരിച്ചു. അമ്മയ്ക്കു പരിക്കേറ്റു. വെൺമണി പഞ്ചായത്ത് 10-ാം വാർഡ് ചെറിയാലുംമൂട് അമ്പലത്താംവിളയിൽ ശാന്തമ്മയുടെ മകൾ അമ്പിളി (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മാതാവ് ശാന്തമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9.30 ഓടെ പന്തളം-മാവേലിക്കര റോഡിൽ വെട്ടിയാർ ആയുർവേദ ആശുപത്രിക്കു സമീപമായിരുന്നു അപകടം. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ മാവേലിക്കരയിൽ നിന്ന് വെൺമണിയിലേക്കു പോകുന്നതിനിടെ അതേ ദിശയിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കൊല്ലകടവ് സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിദേശത്തുള്ള ഭർത്താവും മകനും എത്തിയശേഷമായിരിക്കും അമ്പിളിയുടെ സംസ്കാരം. കുറത്തികാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : NattuVishesham DistrictNews DeepikaNews