കൊട്ടാരക്കര താലൂക്ക് ആശുപത്രി.
കൊട്ടാരക്കര: മിനി മെഡിക്കല്‍ കോളജാക്കാന്‍ ലക്ഷ്യമിട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രതാപം കെട്ടു, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തുല്യമായ അവസ്ഥയില്‍. ഡോക്ടര്‍മാരും ജീവനക്കാരും മതിയായ ചികിത്സയുമില്ല. തട്ടിക്കൂട്ട് സംവിധാനങ്ങളില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ താളം തെറ്റുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല.
കൊല്ലം - തിരുമംഗലം ദേശീയ പാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന പട്ടണത്തിലെ ഏക സര്‍ക്കാര്‍ ആതുരാലയത്തിനാണ് ഈ ദുര്‍ഗതി. കൊട്ടാരക്കര നഗരസഭയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രി തീര്‍ത്തൂം ശോചനീയാവസ്ഥയിലെത്തിയിട്ട് നാളേറെയായി.
2020 ഓഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് മിനി മെഡിക്കല്‍ കോളജാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള 100 കോടി രൂപയുടെ വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നടത്തിയത്. ആറ് വര്‍ഷം പിന്നിടുമ്പോഴും ഈ നിര്‍മാണ ജോലികള്‍ പാതിവഴിയിലാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാം മുടന്തി നീങ്ങുന്നു. ശേഷിക്കുന്ന 68 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കരാര്‍ നല്‍കിയിട്ടും വേഗതയില്ല.
ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ആശുപത്രിയെ നയിച്ച സൂപ്രണ്ടിനെ സ്ഥലം മാറ്റി, പുതിയ നിമയനമായിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയിലേക്കും മറ്റിടങ്ങളിലേക്കും സ്ഥലം മാറ്റി. രോഗികളോട് മോശം പെരുമാറ്റം നടത്തിയെന്ന പരാതിയില്‍ വനിതാ ഡോക്ടറിനെ ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക് സ്ഥലംമാറ്റി. അതിന് പകരവും നിയമനം നടത്തിയിട്ടില്ല. കാര്‍ഡിയോളജിസ്റ്റിനെയും സര്‍ജനെയും ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. അസി.സര്‍ജനെ പുനലൂരിലേക്കും മാറ്റി. ന്യൂറോളജി ഡോക്ടറുടെ തസ്തികയടക്കം ആലപ്പുഴയിലേക്ക് മാറ്റി.
പനി ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനമാണ് നിലവിലുള്ളത്. പനി സീസണായതിനാല്‍ നൂറുകണക്കിന് രോഗികളാണ് ദിവസവും എത്തുന്നത്.
ഒപിയില്‍ മാത്രം 1200ല്‍ കുറയാതെ രോഗികള്‍ ദിവസവും എത്തുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ രാത്രിയിലുള്‍പ്പടെ ദിവസവും 600 രോഗികളെങ്കിലുമെത്താറുണ്ട്.
റോഡപകടങ്ങളില്‍ പരിക്കേറ്റ് എത്തുന്നവരെപ്പോലും ചികിത്സിക്കാന്‍ സംവിധാനമില്ലാത്ത സ്ഥിതിയാണ്. ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം ഇനിയും പൊളിച്ച് നീക്കിയിട്ടില്ല. മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം യൂണിറ്റും തട്ടിക്കൂട്ട് സംവിധാനത്തിലാണ്. ട്രോമാകെയറും പേരിന് മാത്രമായി ചുരുങ്ങി.
ആശുപത്രിയിലെ 12 നഴ്സു മാരെ സ്ഥലംമാറ്റിയത് അടുത്തിടെയാണ്. താത്കാലിക ജീവനക്കാരെ ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാരിന്റെ മാറ്റം പ്രകടമാകുംവിധം ജീവനക്കാരെ ഇവിടെ നിന്നും ഒഴിവാക്കുകയാണെന്നാണ് ആക്ഷേപം.
അപകടങ്ങളില്‍ പരിക്കേറ്റവരെയുള്പ്പടെ പ്രാഥമിക ശുശ്രൂഷ നല്കി മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണിപ്പോള്‍. ജീവന് രക്ഷാ ചികിത്സ നല്‍കാന്‍പോലും ഡോക്ടര്‍മാരില്ലെന്നാണ് ആക്ഷേപം. കടുത്ത പനി, മറ്റ് രോഗങ്ങള്‍ ഉള്ളവരെല്ലാം ഒപിയില്‍നിന്ന് മണിക്കൂറുകള്‍ കാത്ത് നിന്നുവേണം പരിശോധനാ സംവിധാനത്തിലെത്താന്. അവിടെ എത്തുമ്പോള്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്.