എടവണ്ണ റേഞ്ച് ഓഫിസർ എം.എൻ. ഷംനാസ് നടപടികൾ വിശദീകരിക്കുന്നു.
നിലന്പൂർ: പൊക്കോട് വനമേഖലയിലെ കാട്ടാനകളെ കാടുകയറ്റാൻ നടപടിയുമായി വനം വകുപ്പ്.
എടവണ്ണ റേഞ്ച് ഓഫിസർ എം.എൻ. ഷംനാസിന്റെ നേതൃത്വത്തിൽ അകന്പാടം വനം സ്റ്റേഷനിൽ ഇതിന്റെ ഭാഗമായി മുന്നൊരുക്ക യോഗം ചേർന്നു. അകന്പാടം വനം സ്റ്റേഷൻ പരിധിയിലെ പൊക്കോട് റിസർവ് വനഭാഗത്ത് നിലയുറപ്പിച്ച് കൃഷി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്തി പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റിവിടും. കാട്ടാനകളെ നിരീക്ഷിക്കുന്നതിന് എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫിസർ, സ്റ്റേഷൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ പിആർടി അംഗങ്ങളെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗത്തിൽ ടീമുകൾ രൂപീകരിച്ചു.
ടീം അംഗങ്ങൾ നൽകുന്ന വിവരങ്ങൾ സ്റ്റേഷൻ തലത്തിൽ ഏകോപിപ്പിച്ച് ഡിവിഷണൽ വെറ്ററിനറി സർജൻ വിശകലനം ചെയ്തു റൂട്ട്മാപ്പ് തയാറാക്കിയതിനു ശേഷം തുടർനടപടികൾ മേലധികാരികൾ മുഖേന കൈക്കൊള്ളും. ടീം അംഗങ്ങൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡിവിഷണൽ വെറ്ററിനറി സർജൻ ഡോ. ശ്യാം ക്ലാസെടുത്തു. നിലന്പൂർ നോർത്ത് ഡിവിഷൻ കണ്സർവേറ്റീവ് ബയോളജിസ്റ്റ് ക്ലിൻസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, ചാലിയാർ ഗ്രാമപഞ്ചായത്തംഗം ബഷീർ കാട്ടുമുണ്ട, കർഷക പ്രതിനിധികൾ, പിആർടി അംഗങ്ങൾ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.ആർ. പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ശ്രീജൻ, പ്രജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി. അനീഷ്, അസ്ലം, ഷിജ്ന, വാച്ചർ ജാസിർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ജൂലൈ മാസത്തിൽ നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ കനോലി പ്ലോട്ടിൽ ചേർന്ന യോഗത്തിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ യോഗം ചേർന്നത്. നിലന്പൂർ റേഞ്ചിൽ കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ കാനക്കുത്ത് വനമേഖലയിലും എടവണ്ണ റേഞ്ച് എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ പെരുവന്പാടം തേക്ക് പ്ലാന്റേഷനിലും നിലയുറപ്പിച്ച കാട്ടാനകളെ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.