കോഴിക്കോട് ലിങ്ക് റോഡിലെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്ലാസ.
കോഴിക്കോട്: മലബാറിലെ പ്രധാന വാണിജ്യകേന്ദ്രമായ കോഴിക്കോട് വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും ഒമ്പതുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാതെ ലിങ്ക് റോഡിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്ലാസ. നഗരത്തിലെ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്ന ലിങ്ക് റോഡില്‍ ആധുനിക രീതിയിലുള്ള പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കാന്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്പറേഷന് തീരുമാനിച്ചത്. നാല് നിലകളുള്ള കെട്ടിടം നിര്‍മിച്ചതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.
വാഹനങ്ങള്‍ കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് എത്തിക്കാനുള്ള ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. നിലവില്‍ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മദ്യപന്മാരും ലഹരിസംഘവും കെട്ടിടത്തില്‍ തമ്പടിക്കുന്നുണ്ടെന്ന് ലിങ്ക് റോഡിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും പരാതിപ്പെടുന്നു. 7579 ചതുരശ്ര അടിയില്‍ 43.43 കോടി രൂപ ചെലവിട്ട് പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മുന്‍ മേയര്‍ എം. ഭാസ്കരന്റെ കാലത്ത് വിഭാവനം ചെയ്ത ഈ പദ്ധതി പിന്നീട് പലവിധ പ്രതിസന്ധികളില്‍ പെടുകയായിരുന്നു. 700 ലധികം കാറുകള്‍ക്കും എണ്ണൂറോളം ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന വിപുലമായ മള്‍ട്ടി ലെവല്‍ സൗകര്യമാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. ഫണ്ടിന്റെ ലഭ്യതക്കുറവ്, കൃത്യമായ ആസൂത്രണമില്ലായ്മ, സാങ്കേതിക തടസങ്ങള്‍ എന്നിവയാണ് പാര്‍ക്കിംഗ് പ്ലാസ യാഥാര്‍ഥ്യമാകാതിരിക്കാനുള്ള കാരണം.
തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനിലേക്കും മിഠായിത്തെരുവിലേക്കുമൊക്കെയായി നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.
കൂടാതെ, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജോലി ആവശ്യത്തിനായി വരുന്നവരുമുണ്ട്. ഇവരുടെയൊക്കെ വാഹനങ്ങള്‍ നിലവില്‍ ലിങ്ക് റോഡിന്റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്യുകയാണ്. പാര്‍ക്കിംഗ് പ്ലാസ സജ്ജമാക്കിയാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിയും.
പ്രതിഷേധവുമായി പൊതുജനം
ഓണം, വിഷു, പെരുന്നാള്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ നഗരം കടുത്ത വാഹനക്കുരുക്കില്പെടുന്നത് പതിവാണ്. ഈ വര്‍ഷത്തെ ഓണത്തിന് പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെയടക്കം പാര്‍ക്കിംഗ് ഏരിയകളാണ് പൊലിസ് ഇടപെട്ട് പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയത്. പാര്‍ക്കിംഗ് പ്ലാസ പോലെയുള്ള പൊതു പാര്‍ക്കിംഗ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു നടപടി ആവശ്യമായി വരില്ലായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. പാര്‍ക്കിംഗ് പ്ലാസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തെങ്ങും പൂര്‍ത്തിയാകുമെന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്ന് ലിങ്ക് റോഡിലെ കച്ചവടക്കാരനായ ഹനീഫ മാത്തോട്ടം പറഞ്ഞു. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ കെട്ടിടം നിര്‍മിച്ചിരിക്കുകയാണ്. കെട്ടിടം എത്രയും പെട്ടെന്ന് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് ലിങ്ക് റോഡിലെ ഓട്ടോ തൊഴിലാളികളായ ഹംസയും കരീമും പറഞ്ഞു.
രണ്ടാംഘട്ട നിര്‍മാണം ഈ മാസം തുടങ്ങും: മേയര്‍
ഈ മാസം 19ന് പാര്‍ക്കിംഗ് പ്ലാസ കോര്പറേഷന് അധികൃതര്‍ സന്ദര്‍ശിക്കുമെന്ന് മേയര്‍ ഒ. സദാശിവന് പറഞ്ഞു. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങും. നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയാല്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.