കുരങ്ങുകൾ പറിച്ചിട്ടിരിക്കുന്ന നാളികേരം.
കണിച്ചാർ: പഞ്ചായത്തിലെ ഓടന്തോട്, അണുങ്ങോട്, നെടുംപുറംചാൽ മേഖലകളിൽ കുരങ്ങുശല്യം അതിരൂക്ഷമായതോടെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. വിളഞ്ഞുതുടങ്ങുന്ന തേങ്ങയും ഇളനീരും കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ നശിപ്പിക്കുന്നതുമൂലം സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നു ഒരു തേങ്ങ പോലും ലഭിക്കാത്ത അവസ്ഥയിലാണു പ്രദേശവാസികൾ.
കൂട്ടത്തോടെയെത്തുന്ന കുരങ്ങുകൾ ഇളനീരുകൾ കുടിച്ചുതീർത്തശേഷം ബാക്കിയുള്ളവ വെട്ടിയിട്ട് നശിപ്പിക്കുകയാണു പതിവ്.
വലിയ തുക ചെലവഴിച്ച് വളവും വെള്ളവും നൽകി സംരക്ഷിക്കുന്ന തെങ്ങുകളിൽ നിന്ന് യാതൊരു ആദായവും ലഭിക്കാതായതോടെ ഓരോ കുടുംബത്തിനും പ്രതിമാസം ആയിരക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. മേഖലയിലെ നാളികേര കൃഷി പൂർണമായും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
വിഷയത്തിൽ വനംവകുപ്പും ജനപ്രതിനിധികളും ഉടനടി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുരങ്ങുകളെ ഉൾക്കാട്ടിലേക്കു തുരത്താനും സാമ്പത്തിക തകർച്ചയിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ പ്രധാന ആവശ്യം.
Tags : NattuVishesham DistrictNews