കൂട്ടുപുഴ അതിർത്തിയിൽ ഏഴുമാസം മുന്പ് ഉദ്ഘാടനം ചെയ്തെങ്കിലും ഇനിയും തുറന്നു പ്രവർത്തിക്കാത്ത മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റ്.
ഇരിട്ടി: കേരള–കർണാടക അതിർത്തിയിലെ കൂട്ടുപുഴയിലേക്ക് മാറ്റി സ്ഥാപിച്ച മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം കഴിഞ്ഞ് ഏഴുമാസമായിട്ടും നിശ്ചലാവസ്ഥയിൽ. ഇരിട്ടി റിൻഡർപെസ്റ്റ് ഇറാഡിക്കേഷൻ (ആർപി) ചെക്ക്പോസ്റ്റാണ് അനാഥമായി കിടക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തിന്റെ മുൻവശത്ത് വാഹനം ഇടിച്ചതിനെത്തുടർന്നുണ്ടായ നേരിയ തകർച്ച പോലും പരിഹരിക്കാതെ കിടക്കുകയാണ്.
കിളിയന്തറയിൽ പ്രവർത്തിച്ചിരുന്ന ചെക്ക്പോസ്റ്റ് അതിർത്തി പരിശോധന കൂടുതൽ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടുപുഴയിലേക്ക് മാറ്റിയത്. പൊലിസ്, എക്സൈസ്, ആർടിഒ ചെക്ക്പോസ്റ്റുകൾക്ക് സമീപം 12 ലക്ഷം രൂപ ചെലവിൽ കണ്ടെയ്നർ കെട്ടിടവും സ്ഥാപിച്ചിരുന്നു. കിളിയന്തറയിലെ ഒറ്റപ്പെട്ട കേന്ദ്രത്തിൽ വാഹനങ്ങൾ പരിശോധനയ്ക്കായി നിർത്താത്ത സാഹചര്യത്തിലായിരുന്നു നടപടി.
കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാ
ണി ഓൺലൈനായി പുതിയ ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചില്ല.
രേഖകളാണ് തടസം
തലശേരി–മൈസൂരു അന്തർ സംസ്ഥാന പാതയിൽ പായം പഞ്ചായത്തിന്റെ പുറമ്പോക്ക് സ്ഥലത്താണ് ചെക്ക്പോസ്റ്റിനായി കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമായ രേഖകൾ ലഭ്യമാകാത്തതിനാൽ കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ ലഭിച്ചിട്ടില്ല. കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വൈദ്യുതി, വെള്ളം കണക്ഷനുകൾ ലഭ്യമാക്കുന്നതിനും തടസമായി.പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
പരിശോധന ഇപ്പോഴും കിളിയന്തറയിൽ
പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിക്കാത്തതിനാൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന ഇപ്പോഴും കിളിയന്തറയിൽ തന്നെയാണ്. കർണാടകയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലി, ആട്, പന്നി, കോഴി തുടങ്ങിയവയും പാൽ, മുട്ട, ഇറച്ചി ഉൾപ്പെടെയുള്ള അനുബന്ധ ഉത്പന്നങ്ങളും പരിശോധിച്ച് രോഗ വ്യാപന സാധ്യത തടയുകയാണ് ചെക്ക്പോസ്റ്റിന്റെ പ്രധാന ചുമതല.
രോഗബാധിത മൃഗങ്ങളെ കണ്ടെത്തൽ, സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കൽ, പ്രതിരോധ കുത്തിവയ്പ് തുടങ്ങിയ പ്രവർത്തനങ്ങളും ഇവിടെ നടക്കേണ്ടതുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ ചെക്ക്പോസ്റ്റ് പ്രവർത്തനരഹിതമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാണ്.
Tags : NattuVishesham DistrictNews