ദേശീയപാത 66 പള്ളിനടയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നൽകാനായി നിവേദനം ജോൺ ബ്രിട്ടാസ് എംപിക്ക് കൈമാറുന്നു.
കയ്പമംഗലം: ദേശീയപാത 66 പള്ളിനടയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് നൽകാനായി നിവേദനം ജോൺ ബ്രിട്ടാസ് എംപിക്ക് കൈമാറി.
ജൂലായ് 16 മുതൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാലസമരം നടക്കുകയാണ്. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഓഫിസ്, എംഎൽഎ ഓഫീസ്, സാഹിബിന്റെ പള്ളി, വില്ലേജ് ഓഫീസ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും അഞ്ചങ്ങാടി ലോറി കടവിൽനിന്ന് ആരംഭിക്കുന്ന പ്രധാന റോഡിലൂടെ കടന്നുവരുന്ന നൂറുകണക്കിന് വാഹനങ്ങൾക്ക് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് കടന്നുപോകേണ്ടതുമായ പ്രധാന കേന്ദ്രമാണ് പള്ളിനട സെന്റർ. നാഷണൽ ഹൈവേ അഥോറിറ്റി അശാസ്ത്രീയമായി നിർമിച്ച റോഡിൽ അടിപ്പാത നിർമിച്ചു ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രിക്കുൾപ്പെടെ നിരവധി നിവേദനങ്ങൾ കൈമാറിയതാണ്. പക്ഷെ ഇതേവരെ അടിപ്പാത നിർമിക്കാൻ അനുമതിനൽകാത്തതിനെ തുടർന്നാണ് വീണ്ടും നിവേദനം കൈമാറിയത്.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു, സമരസമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ മിനി ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അബീദലി, എ.പി. ജയൻ, സമരസമിതി കൺവീനർ പി.എ. നൗഷാദ്, അഡ്വ കെ.എ. നൗഷാദ്, കെ. രഘുനാഥ്, വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എസ്. അജിതൻ, പി.എ. ഉണ്ണികൃഷ്ണൻ തുടങ്ങിയ സമരസമിതി പ്രവർത്തകർ നിവേദനം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews