x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത അ​വ​ലോ​ക​ന​യോ​ഗം

വെബ് ഡെസ്ക്
Published: September 16, 2026 05:09 AM IST | Updated: September 16, 2026 05:09 AM IST

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ദേ​ശീ​യ​പാ​ത അ​വ​ലോ​ക​ന​യോ​ഗം.

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച പോ​രാ​യ്മ​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത 66, 544 എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി​യും പ​രി​പാ​ല​ന​വും ന​വീ​ക​ര​ണ​വും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. പോ​രാ​യ്മ​ക​ൾ നി​ർ​ദേ​ശി​ച്ച സ​മ​യ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​മാ​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി. പൊ​ലി​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, എ​ൻ​എ​ച്ച്എ​ഐ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ടോ​ൾ​പ്ലാ​സ​യി​ലെ നീ​ണ്ട​ നി​ര; പ​രി​ശോ​ധി​ക്കും

പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര രൂ​പ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യി​ൽ പൊ​ലി​സ്, എ​ൻ​എ​ച്ച്എ​ഐ പ്ര​തി​നി​ധി, ക​ള​ക്ട​റു​ടെ പ്ര​തി​നി​ധി, ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. ഡ്രെ​യി​നേ​ജ്, വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു സ​മ​ർ​പ്പി​ക്കും. നി​ർ​മാ​ണം ന​ട​ക്കു​ന്ന​തും ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ലൈ​റ്റിം​ഗ് സം​വി​ധാ​നം, മു​ന്ന​റി​യി​പ്പു​ബോ​ർ​ഡു​ക​ൾ, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ, വ​ഴി​തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കു ദൂ​രെ​നി​ന്നു കാ​ണാ​ൻ പാ​ക​ത്തി​ൽ വാ​ണിം​ഗ് സി​ഗ്ന​ലു​ക​ൾ, പ്രാ​ദേ​ശി​ക സ്ഥ​ല​പ്പേ​രു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ സൈ​ൻ​ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

ഹെ​വി വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സ്ഥ​ലം ക​ണ്ടെ​ത്തും

ദേ​ശീ​യ​പാ​ത​ക​ളി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ പൊ​ലി​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, റ​വ​ന്യൂ​വ​കു​പ്പ്, എ​ൻ​എ​ച്ച്എ​ഐ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്ക​ണം. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് എ​ൻ​എ​ച്ച്എ​ഐ​യോ​ടും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജ് ഒ​ക്ടോ​ബ​ർ 15ന​കം

ദേ​ശീ​യ​പാ​ത 66ൽ ​പ​ത്ത് ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​ര​മു​ള്ള​തെ​ന്നും ഇ​തി​ൽ വ​ടാ​ന​പ്പി​ള്ളി, ത​ളി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും വ​ല​പ്പാ​ട്, ഏ​ങ്ങ​ണ്ടി​യൂ​ർ, എ​ട​ക്ക​ഴി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും എ​ൻ​എ​ച്ച്എ​ഐ അ​റി​യി​ച്ചു. ബാ​ക്കി അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. നി​ർ​മാ​ണം തു​ട​ങ്ങി​യ​വ ഒ​ക്ടോ​ബ​ർ 15ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ര​ണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ക്കു​മെ​ന്നും എ​ൻ​എ​ച്ച്എ​ഐ വ്യ​ക്ത​മാ​ക്കി.

അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ.​കെ. വ​ത്സ​രാ​ജ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ ന​കു​ൽ ദേ​ശ്മു​ഖ്, റൂ​റ​ൽ എ​സ്പി മു​ഹ​മ്മ​ദ് ന​ദീം, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ.​സി. പ്രീ​തി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി​ന്ദു, എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​മാ​ർ, മ​റ്റു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up