പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒപി വിഭാഗത്തിൽ ഇന്നലെ രാവിലെ സീലിംഗ് അടർന്ന് വീണ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തി
പാലക്കാട്: ജില്ലാ സർക്കാർ വനിതാ-ശിശു ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഒപി വിഭാഗത്തിൽ ടിക്കറ്റ് വിതരണ കൗണ്ടറിന് മുന്നിലെ സീലിംഗ് അടർന്നുവീണു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒപി ടിക്കറ്റ് എടുക്കുന്നതിനായി നിരവധി രോഗികളും കൂട്ടിരിപ്പുകാരും വരിനിൽക്കുന്നതിനിടെയാണ് സീലിംഗിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. സീലിംഗ് ആളുകളുടെ ദേഹത്തേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ആർക്കും പരിക്കില്ല.
മൂന്ന് ഒപി ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലായി രോഗികളും കുട്ടികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ നിരവധി പേർ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഭാരംകുറഞ്ഞ ഫൈബർ പാളികൾ ഉൾപ്പെടുന്ന സീലിംഗിന്റെ ഒരു ഭാഗം അടർന്നുവീണത്. സീലിംഗ് താഴേക്ക് പതിച്ചതോടെ ആശുപത്രിയിലെത്തിയവർക്കിടയിൽ ആശങ്കയും പരിഭ്രാന്തിയുമുണ്ടായി. കാലപ്പഴക്കം ചെന്ന സീലിംഗ് അപകടാവസ്ഥയിലാണെന്നും അടർന്നുവീഴാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി നേരത്തെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരനടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ദിവസേന നിരവധി രോഗികളും കുട്ടികളും എത്തുന്ന ഒപി വിഭാഗത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതായും ആരോപണമുണ്ട്. അതേസമയം സീലിംഗ് അടർന്നുവീണതിൽ പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അപകടാവസ്ഥയിലുള്ള സീലിംഗ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ അടിയന്തരമായി പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ അഡീഷണൽ ഡിഎംഒ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. സീലിംഗ് തകർന്ന ഭാഗത്തെ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ ഡിഎംഒ ഉറപ്പ് നൽകി. ഇതേത്തുടർന്ന് സിപിഐ പ്രവർത്തകർ താത്്കാലികമായി സമരം അവസാനിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, ജില്ലാ എക്സിക്യുട്ടീവ് അംഗം മുരളി താരേക്കാട്, കെ. കൃഷ്ണൻകുട്ടി, കെ. ബാബു, ജമാൽ, ശശികുമാർ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.
Tags : NattuVishesham DistrictNews