തലശേരി: തലശേരി അതിരൂപത സംഘടിപ്പിച്ച "കൊയ്നോണിയ 2K26' സാഹിത്യമത്സരത്തിൽ ചെമ്പേരി, മണിക്കടവ് ഫൊറോനകൾ 216 പോയിന്റുകൾ വീതം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 213 പോയിന്റുള്ള തോമാപുരം, 208 പോയിന്റോടെ ചെമ്പന്തൊട്ടി ഫൊറോന എന്നിവ യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പേരാവൂർ (206), വെള്ളരിക്കുണ്ട് (203) ഫൊറോനകളും തൊട്ടുപിന്നാലെ മികച്ച മുന്നേറ്റം നടത്തി.
ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വികസിപ്പിച്ച കലോത്സവ സോഫ്റ്റ്വേറിലൂടെ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മത്സരഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മത്സരങ്ങളുടെ സമ്പൂർണ ഫലങ്ങൾ [https://festival.tellarch.com/](https://festival.tellarch.com/) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇടവകതല മത്സരങ്ങളിൽ 84 പോയിന്റ് നേടി വെള്ളരിക്കുണ്ട് ഇടവക ഒന്നാം സ്ഥാനത്തെത്തി മികച്ച ഇടവകയ്ക്കുള്ള ഓവറോൾ നേട്ടം സ്വന്തമാക്കി. 78 പോയിന്റുകൾ വീതം നേടി ചെമ്പേരി, മാട്ടറ ഇടവകകൾ രണ്ടാം സ്ഥാനവും തോമാപുരം ഇടവക (72 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
അതിരൂപതയിലെ 19 ഫൊറോനകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, മുതിർന്നവർ എന്നീ വിവിധ വിഭാഗങ്ങളിലായി 880 ലധികം മത്സരാർഥികളാണ് മാറ്റുരച്ചത്. ഉപന്യാസം, കവിതാരചന, കഥാരചന, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, കാർട്ടൂൺ, വാർത്താരചന തുടങ്ങിയ ഇനങ്ങൾ 49 വിഭാഗങ്ങൾക്കായി നടത്തിയപ്പോൾ ഉയർന്ന നിലവാരമാണ് മത്സരാർഥികൾ കാഴ്ചവച്ചത്.
സംഘടനാ വിഭാഗങ്ങളിൽ മിഷൻലീഗ് തലത്തിൽ 186 പോയിന്റോടെ തോമാപുരം ഫൊറോന ഒന്നാം സ്ഥാനവും 180 പോയിന്റുമായി മണിക്കടവ് ഫൊറോന രണ്ടാം സ്ഥാനവും 176 പോയിന്റുകൾ വീതം കരസ്ഥമാക്കി വെള്ളരിക്കുണ്ട്, ചെമ്പന്തൊട്ടി ഫൊറോനകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
കെസിവൈഎം വിഭാഗത്തിൽ 105 പോയിന്റോടെ ചെമ്പന്തൊട്ടി ഫൊറോന ഒന്നാമതെത്തിയപ്പോൾ 104 പോയിന്റ് നേടി മണിക്കടവ് ഫൊറോന രണ്ടാം സ്ഥാനവും 101 പോയിന്റോടെ ചെമ്പേരി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മാതൃവേദി വിഭാഗത്തിൽ 46 പോയിന്റ് നേടി പൈസക്കരി ഫൊറോന ഒന്നാം സ്ഥാനവും, 44 പോയിന്റോടെ ചെമ്പേരി ഫൊറോന രണ്ടാം സ്ഥാനവും 43 പോയിന്റ് സ്വന്തമാക്കി ആലക്കോട് ഫൊറോന മൂന്നാം സ്ഥാനവും നേടി.
Tags : NattuVishesham DistrictNews