കെ. ജയന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം.
കോഴിക്കോട്: വേങ്ങേരി അഗ്രികള്‍ച്ചറല്‍ അര്‍ബന്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റിന്റെ (എഎംആര്ഡബ്ല്യുഎം) പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനം. കെ. ജയന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ വേങ്ങേരി മാര്‍ക്കറ്റില്‍ നടന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്.
കാബ്കോ അഡീഷണല്‍ മാനേജിംഗ് ഡയറക്ടര്‍ സജു സുരേന്ദ്രന്, കാബ്കോ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ജി. പ്രതാപ്രാജ്, മാര്‍ക്കറ്റ് അസിസ്റ്റന്റ് സെക്രട്ടറി കെ. നീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 2000 ജൂലൈ ആറിന് പ്രവര്‍ത്തനം ആരംഭിച്ച മാര്‍ക്കറ്റില്‍ ഭൗതിക സാഹചര്യങ്ങളും മാര്‍ക്കറ്റിംഗും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി.
കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് നേരിട്ട് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ന്യായമായ വിലയ്ക്ക് വില്‍ക്കാനുള്ള ഒരു പ്രധാന വേദിയാണിത്. എന്നാല്‍ വേങ്ങേരി മാര്‍ക്കറ്റ് വിഭാവനം ചെയ്തപോലെയല്ല നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. 20 വര്‍ഷത്തോളമായി മാര്‍ക്കറ്റിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കാബ്കോ അധികൃതര്‍ യോഗത്തില്‍ സൂചിപ്പിച്ചു.