കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനം
കോഴിക്കോട്: ചരിത്രം തിരതല്ലുന്ന കോഴിക്കോട് കടപ്പുറം സിപിഎം പ്രവര്‍ത്തകരാല്‍ ചെങ്കടലായി മാറി. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ചുള്ള പൊതുസമ്മേളനത്തില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കരുത്തറിയിച്ച് വിവിധ കോണുകളിൽ നിന്നുള്ളവർ വൈകുന്നേരം അഞ്ചോടെതന്നെ കാല്‍നടയായി ബീച്ചിലെത്തി തുടങ്ങിയിരുന്നു. പൊതുസമ്മേളന നടപടികള്‍ 5.30ഓടെ ആരംഭിച്ചു.
കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്ടുണ്ടായിരുന്ന സിപിഎം ദേശീയ-സംസ്ഥാന നേതാക്കള്‍ വേദിയില്‍ എത്തിയതോടെ നിറഞ്ഞ കരഘോഷം. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങളും പരിഹാര നടപടികളും ഊന്നിപറഞ്ഞുകൊണ്ടായിരുന്നു നേതാക്കളുടെ പ്രസംഗം. ഇഡിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു നേതാക്കള്‍ പ്രതികരിച്ചത്.
എം.എ. ബേബി, എം.വി ഗോവിന്ദന്, പിണറായി വിജയന് തുടങ്ങിയ നേതാക്കളെല്ലാം ഇഡിയെ കടന്നാക്രമിച്ചു.തുടക്കത്തില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ പറഞ്ഞ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിന്നീട് ഇഡിക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചു. മറ്റ് നേതാക്കളും ഇതേ ശൈലി തന്നെയാണ് പിന്തുടര്ന്നത്.
പ്രവര്‍ത്തകള്‍ എത്തിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍ വലിയ രീതിയില്‍ ഗതാഗത കുരുക്കുണ്ടായില്ല.കോഴിക്കോട് ബീച്ചിലേക്ക് വൈകുന്നേരം മൂന്നുമുതല്‍ ഗതാഗതം നിരോധിച്ചിരുന്നു. വന്‍ പൊലിസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.